പ്രളയം: ജില്ലാഭരണകൂടത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് യു.എന്‍.സംഘം
കാക്കനാട്: പ്രളയത്തെ ഫലപ്രദമായി നേരിടുന്നതിലും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ലാ ഭരണകൂടം കാഴ്ചവെച്ചതെന്ന് ജില്ലയിലെ പ്രളയക്കെടുതി വിലയിരുത്താനെത്തിയ ഐക്യരാഷ്ട്രസഭ സംഘം വിലയിരുത്തി.
ഐക്യരാഷ്ട്ര വികസന പരിപാടി (UNDP) പ്രതിനിധികളായ ഡോ.പി.എസ്.ഈസ, ഫിലിപ് മാത്യു, ആഭ മിശ്ര, ജോണ്‍ ജോര്‍ജ്, മൈക്കിള്‍ വേദ ശിരോമണി, ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) പ്രതിനിധി മുരളീധരന്‍, ഐക്യരാഷ്ട്ര വനിത (UN Women) പ്രതിനിധി അര്‍പ്പിത വര്‍ഗ്ഗീസ്, ഐക്യരാഷ്ട്ര ശിശുക്ഷേമനിധി (UNICEF) പ്രതിനിധികളായ പി.കെ.ആനന്ദ്, സുരന്‍ഗ ഡി സില്‍വ, റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ ഓഫീസ് (UNRCO) പ്രതിനിധി രഞ്ജിനി മുഖര്‍ജി, വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന (UNESCO) പ്രതിനിധി ജീ ബ്രൂക്ക് എന്നിവരായിരുന്നു സംഘാംഗങ്ങള്‍.
ജില്ലയില്‍ കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളും മഴ ശക്തമായ ആഗസ്റ്റ് മാസം ജില്ലാ ഭരണകൂടം കൈക്കൊണ്ട സുരക്ഷാ നടപടികളും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സംഘത്തോട് വിവരിച്ചു. പ്രളയത്തെ തുടര്‍ന്ന് വിവിധ സേനകളും വകുപ്പുകളും മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും പ്രവാസികളും ഇതര സംസ്ഥാനങ്ങളും നല്‍കിയ സേവനവും സഹായവും വിവരിച്ചു. ജില്ലയിലെ ജീവന്‍ രക്ഷാ നടപടികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ , വൈദ്യസഹായം, ഭക്ഷണ വിതരണം തുടങ്ങിയവയും വിശദീകരിച്ചു. അടിയന്തര ധനസഹായ വിതരണവും കിറ്റ് വിതരണവും സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയതും സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു.
പ്രളയം നേരിട്ടു ബാധിച്ച വകുപ്പുകളുടെ മേധാവികള്‍ നാശനഷ്ടത്തിന്റെ കണക്കും അതിജീവനപ്രവര്‍ത്തനങ്ങളും വിവരിച്ചു. ഭൂഗര്‍ഭ ജല വകുപ്പ്, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്, കൃഷി , വ്യവസായം, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് , കെ.എസ്.ഇ.ബി, ഫിഷറീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹരിത കേരളം മിഷന്‍ തുടങ്ങിയ വകുപ്പുകളുടെ മേധാവികള്‍ പവര്‍ പോയന്റ് അവതരണത്തിലൂടെ സംഘത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഓരോ വകുപ്പിനോടും സംഘാംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും നടപടികള്‍ വിലയിരുത്തുകയും ചെയ്തു. പ്രളയത്തിന്റെ ഫോട്ടോ, വീഡിയോ, പത്രവാര്‍ത്താ പ്രദര്‍ശനവും നടന്നു.
ഒരു ദിവസം മുമ്പ് ജില്ലയിലെത്തിയ സംഘാംഗങ്ങള്‍ പ്രളയം ഏറ്റവും നാശം വിതച്ച പറവൂര്‍ മേഖലകളിലൂടെ സഞ്ചരിച്ചിരുന്നു. ദൃശ്യങ്ങളിലെ ഭീകരതയില്‍ നിന്നും ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലക്കു കരകയറാനായത് അത്ഭുതകരമാണെന്ന് സംഘം പറഞ്ഞു. ഇത് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തന മികവിനുദാഹരണമാണെന്നും സംഘം സാക്ഷ്യപ്പെടുത്തി.
കൂടിക്കാഴ്ചക്കുശേഷം ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രവും (DEOC) സംഘം സന്ദര്‍ശിച്ചു. മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് കേന്ദ്രത്തിന്റെ രൂപകല്‍പനയും പ്രവര്‍ത്തനവുമെന്നും സംഘം വിലയിരുത്തി.
യുഎന്‍ സംഘം കാവില്‍ ഗവ. ഫിഷ് ഫാം സന്ദര്‍ശിച്ചു
കൊച്ചി: കാവില്‍ ഫിഷ് ഫാം ഡോ. പി. എസ്. ഈസായുടെ നേതൃത്വത്തിലുള്ള യുഎന്‍ സംഘം സന്ദര്‍ശിച്ചു. പ്രളയത്തെ തുടര്‍ന്ന് 2.20 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അലങ്കാര മത്സ്യങ്ങളുടെ ഗവണ്‍മെന്റ് മാര്‍ക്കറ്റിങ് കമ്പനിയാണ് കാവില്‍.
കാവില്‍ ഓഫീസിലെത്തിയ സംഘത്തോട് കാവില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവത്ത് നാശ - നഷ്ടങ്ങളുടെ കണക്കുകള്‍ വിശദീകരിച്ചു. അതിനുശേഷം സംഘം പാക്കിങ് ഹബ്ബും സന്ദര്‍ശിച്ചു.
പ്രളയത്തില്‍ കാവില്‍ ഫിഷ് ഫാം ഓഫീസ് നശിച്ചു. കൂടാതെ 6 പാക്കിങ് യൂണിറ്റുകള്‍ക്കും കനത്ത നാശ നഷ്ടം സംഭവിച്ചു.ഒരു യൂണിറ്റില്‍ 432 ഗ്ലാസ്സ് ടാങ്കും 100 ഫെറോസിമന്റ് ടാങ്കും ഉണ്ട്. ഫിഷ് ഫാമിന് കീഴിലുള്ള ഹോംസ്റ്റെസ് യൂണിറ്റുകളും പ്രളയത്തില്‍ നശിച്ചു. ഹോംസ്റ്റെഡുകളുടെ പുനരുദ്ധാരണത്തിന് ഏകദേശം 11 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിഫാം ട്രെയിനിങ് സെന്ററിന് 34 ലക്ഷം രൂപയുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.
യു.എന്‍. ഗവര്‍ണന്‍സ് പ്രതിനിധികളായ റിട്ട.ഐ.എ എസ് ഓഫീസര്‍ മൈക്കിള്‍ വേദ ശിരോമണി, അഡീഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ കെ.ദാമോദരന്‍ , ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി സി.എം. മുരളീധരന്‍, യു.എന്‍. വുമണ്‍ പ്രതിനിധി അര്‍പ്പിത വര്‍ഗ്ഗീസ്, യുനെസ്‌കോ പ്രതിനിധി ഗായ്, മെട്രോ ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ ലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. രാവിലെ കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് സംഘം കാവില്‍ സന്ദര്‍ശിക്കാനെത്തിയത്.
ക്യാപ്ഷന്‍: 1.യുഎന്‍ സംഘത്തോട് കാവില്‍ ഫിഷ് ഫാം എം.ഡി ഡോ. ദിനേശ് ചെറുവത്ത് നാശനഷ്ടങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നു
2. യു എന്‍ കാവില്‍ ഫിഷ് ഫാം സന്ദര്‍ശിക്കുന്നു
യുഎന്‍ സംഘം ചെമ്മായം പാലം സന്ദര്‍ശിച്ചു
പറവൂര്‍: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ചെമ്മായം പാലം യുഎന്‍ സംഘം സന്ദര്‍ശിച്ചു. ഇരുപത്തിയെട്ട് തൂണുകളുണ്ടായിരുന്ന പാലത്തിന്റെ നാല് തൂണുകള്‍ പ്രളയത്തില്‍ ഒലിച്ചു പോയി. പാലത്തിന്റെ മധ്യഭാഗം മൂന്ന് ഇഞ്ചോളം താഴ്ന്നിട്ടുമുണ്ട്. പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍, തഹസില്‍ദാര്‍ എം.എച്ച് ഹരീഷ് എന്നിവര്‍ സംഘത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. ചെമ്മായം പാലത്തോട് ചേര്‍ന്നുള്ള ജെറോം ജോസഫിന്റെ വീട് സംഘം സന്ദര്‍ശിച്ചു. നാല് ദിവസത്തോളം വെള്ളം കെട്ടി നിന്ന ഇവിടെ ഇപ്പോള്‍ ചെളിയും മണലും നിറഞ്ഞു കിടക്കുകയാണ്.
ക്യാപ്ഷന്‍: 1) യുഎന്‍ സംഘം ചെമ്മായം പാലം സന്ദര്‍ശിക്കുന്നു
2) പ്രദേശവാസിയായ ജെറോം ജോസഫിനോട് സംഘം കാര്യങ്ങള്‍ ചോദിച്ചറിയുന്നു
- Log in to post comments