ഹരിതോത്സവത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഇന്ന് (27) ശുചിത്വ ഓഡിറ്റിംഗും പ്രതിജ്ഞയും
ഹരിതകേരളം മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഇന്ന് ശുചിത്വ ഓഡിറ്റിംഗ് ആരംഭിക്കും. രാവിലെ ചേരുന്ന സ്‌കൂള്‍ അസംബ്ലിയില്‍ ശുചീകരണത്തിന്റെ പ്രാധാന്യവും മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് പുന:ചംക്രമണത്തിന് കൈമാറേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിക്കുന്ന പ്രതിജ്ഞയും ചൊല്ലും. മാലിന്യം വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറുന്ന രീതി ക്ലാസുകളില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വിശദമാക്കും. ക്ലാസിലും വീട്ടിലും മാലിന്യം സൃഷ്ടിക്കപ്പെടുന്നത് പരമാവധി കുറയ്ക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കും. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യം അതെത്ര ചെറിയ അളവായാലും അപ്പപ്പോള്‍തന്നെ വേര്‍തിരിക്കേണ്ട രീതികളും ക്ലാസില്‍ വിശദമാക്കും. ഇതിനെത്തുടര്‍ന്നാണ് ശുചിത്വ ഓഡിറ്റിംഗ് ആരംഭിക്കുക. തദ്ദേശഭരണ സ്ഥപനങ്ങളുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 2 വരെ നടത്തുന്ന തീവ്രശുചീകരണ യജ്ഞ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി ഹരിതോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രളയാനന്തര സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അവ ചിട്ടയായി ചെയ്യണമെന്നും വിദ്യാലയ ശുചീകരണവും ശുചിത്വ ഓഡിറ്റിംഗും അതീവ പ്രാധാന്യത്തോടെ നിര്‍വ്വഹിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെയാണ് ശുചിത്വ ഓഡിറ്റിംഗ് പ്രവര്‍ത്തനം. ഒക്‌ടോബര്‍ ഒന്നിന് മാലിന്യ സംസ്‌ക്കരണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ ശുചിത്വ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം മുതല്‍ മൂന്ന് ദിവസങ്ങളിലായി സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനം നടക്കും. ഒക്‌ടോബര്‍ അഞ്ചിന്് പോസ്റ്റ് ഓഡിറ്റിംഗും നടത്തും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ പോസ്റ്റ് ഓഡിറ്റില്‍ വിലയിരുത്തുകയും സ്‌കൂളിലെ ഓരോ ഗ്രൂപ്പും തങ്ങള്‍ ശുചീകരിച്ച വിദ്യാലയ ഭാഗം സമ്പൂര്‍ണ്ണ ശുചിത്വം നേടിയതായി പ്രഖ്യാപിക്കുകയും ചെയ്യും. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അസംബ്ലിയില്‍ വച്ച് സ്‌കൂള്‍ സമ്പൂര്‍ണ്ണ ശുചിത്വം നേടിയതായി പ്രഖ്യാപിക്കും.
(പിഎന്‍പി 3081/18)
- Log in to post comments