കേരള ലളിതകലാ അക്കാദമി സമാഹരിച്ച 14.70 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
പ്രളയ ദുരിത ബാധിതര്‍ക്ക് കൈ താങ്ങാവാനും നവ കേരള സൃഷ്ടിക്ക് തുക സമാഹരിക്കാനുമായി കല മാധ്യമമാക്കി കേരള ലളിതകലാ അക്കാദമി സമാഹരിച്ച 14.70 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. ചെയര്‍മാന്‍ നേമം പുഷ്പരാജ് സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കല കരുണക്കായി എന്ന ആശയത്തില്‍ 2018 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വേറിട്ട കലാക്യാമ്പുകളും ചിത്രവിപണനമേളകളും അക്കാദമി സംഘടിപ്പിച്ചിരുന്നു.
എറണാകുളത്ത് കലാകാര്‍ കേരള എന്ന സംഘടനയുമായി സഹകരിച്ച് നടത്തിയ ചിത്രകലാക്യാമ്പിലും പ്രദര്‍ശന വിപണന മേളയിലും പ്രതിഫലം വാങ്ങാതെ 250 ഓളം കലാകാരന്‍മാര്‍ പങ്കെടുത്തിരുന്നു. ഇതുവഴി സമാഹരിച്ചത് 8,83,885/-രൂപയാണ്. തുടര്‍ന്ന് എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ആലുവ, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളില്‍ ടീച്ച് ആര്‍ട്ട്, ഹാര്‍മണി ഗ്രൂപ്പ്, സാപ്ഗ്രീന്‍ എന്നീ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ തത്സമയ കാര്‍ട്ടൂണ്‍/കാരിക്കേച്ചര്‍ രചന, മുതിര്‍ന്ന ചിത്രകാരന്മാരുടെ ക്യാമ്പ്, ചിത്രങ്ങളുടെ വില്പന, ഡാവിഞ്ചി സുരേഷ് നല്കിയ ശില്പത്തിന്റെ ലേലം എന്നിവയിലൂടെ 4,70,550/-രൂപ സ്വരൂപിച്ചു. ചിത്രങ്ങളുടെ മൂല്യം നോക്കിയല്ലാതെ മുതിര്‍ന്ന ചിത്രകാരന്മാരുടെയും തുടക്കക്കാരുടെയും ചിത്രങ്ങള്‍ 1000/1500 രൂപക്കാണ് വില്പന നടത്തിയത്. അക്കാദമി ആരംഭിച്ച അക്കൗണ്ട് മുഖേന 15,500/-രൂപയും ലഭിച്ചിരുന്നു. ചെയര്‍മാന്‍ ഒരു മാസത്തെ ഓണറേറിയവും, അക്കാദമി സെക്രട്ടറിയുടെ രണ്ട് ചിത്രങ്ങള്‍ വില്പന നടത്തി ലഭിച്ച ഒരു ലക്ഷം രൂപയും നവ കേരള നിര്‍മ്മാണ നിധിയിലേക്ക് കൈമാറി.
- Log in to post comments