Skip to main content

ഗാന്ധിജയന്തി വരാചാരണം: ശുചീകരണ പ്രവര്‍ത്തനങ്ങളുമായി  ഹരിതകേരളമിഷനും

 

ഗാന്ധിജയന്തി വരാചാരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കവിയൂര്‍ പുഞ്ചയിലെ കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജലാഗമനനിര്‍ഗമനം സാധ്യമാക്കുന്നതിനായി കുറ്റപുഴ തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യും. കൂടാതെ മണിമല ആറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പനയമ്പാല തോടിന്റെ ശുചീകരണ പ്രവര്‍ത്തനവും നടത്തും. ജില്ലയിലെ           സ്‌കൂളുകളില്‍ ശുചിത്വ ഓഡിറ്റിംങ് സംഘടിപ്പിക്കും. തരം തിരിച്ചെടുക്കുന്ന അജൈവ മാലിന്യങ്ങള്‍ ക്രിസ് ഗ്ലോബല്‍ ട്രൈഡേഴ്സ് എന്ന റീസൈക്ലിങ് ഏജന്‍സി വഴി റീസൈക്കിള്‍ ചെയ്യും. അജൈവ മാലിന്യകള്‍ക്ക് നിശ്ചിത വില നിശ്ചയിച്ച് നല്‍കുകയും ചെയ്യും. 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക്ക്  മാലിന്യങ്ങള്‍ ഷ്രെഡിംഗിന് ഉപയോഗിക്കും. അജൈവ മാലിന്യങ്ങള്‍ക്ക് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാനാണ് ഹരിതകേരളം മിഷന്റെ തീരുമാനം. ഈ പദ്ധതിയുടെ തുടക്കവും ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ നടത്തും. കവിയൂര്‍ പുഞ്ചയില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടികളും, മണിമലയാറിനെ വീണ്ടെടുക്കാന്‍ പുഴ നടത്തം, പ്രകൃതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംശയനിവാരണം, പ്രകൃതി സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, നദീ തീരങ്ങളില്‍ മുള വെച്ച് പിടിപ്പിക്കല്‍ തുടങ്ങിയവയും ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വരാചാരണത്തിന്റെ ഭാഗമായിനടക്കും.                    (പിഎന്‍പി 3089/18)

date