Skip to main content

ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ്, ബിആര്‍സി സ്‌കൂളുകള്‍ വരുന്നു

ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ്, ബിആര്‍സി സ്‌കൂളുകള്‍ ആരംഭിക്കുന്നു. ശാരീരിക മാനിസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പുനരധിവാസം ലക്ഷ്യമിട്ട് ആരംഭിക്കുന്ന പരിപാലന കേന്ദ്രങ്ങളാണ് ബഡ്‌സും ബിആര്‍സികളും (ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍). 18 വയസിന് താഴെയുള്ളവര്‍ക്ക് ബഡ്‌സ് സ്‌കൂളിലും ഇതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ബിആര്‍സികളിലും പ്രവേശനം ലഭിക്കും. ജില്ലയില്‍ രണ്ട് ബഡ്‌സ് സ്‌കൂളുകളും  മൂന്ന് ബിആര്‍സികളുമാണ് തുടങ്ങുക. മലയാഴപ്പുഴ, നാറാണംമൂഴി എന്നീ പഞ്ചായത്തുകളിലാണ് ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങുക. ഏനാദിമംഗലം, റാന്നി പഴവങ്ങാടി, പത്തനംതിട്ട നഗരസഭ എന്നിവിടങ്ങളില്‍ ബിആര്‍സികളും ആരംഭിക്കും. 
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുകയാണ് ബഡ്‌സ്, ബിആര്‍സി സ്‌കൂളുകളിലൂടെ ലക്ഷ്യമിടുന്നത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ പകല്‍പരിപാലനം, പരിചരണം, തൊഴില്‍ പരിശീലനം തുടങ്ങിയ സേവനങ്ങള്‍ ബഡ്‌സ്, ബിആര്‍സികളില്‍ നിന്നും ലഭ്യമാകും. 
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ സഹായത്തോടെ സാധ്യമായ തൊഴിലുകളിലേയ്ക്ക് നയിച്ച് വരുമാനമുള്ളവരാക്കി മാറ്റുക എന്നതും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്. പഞ്ചായത്തുകള്‍ക്കാണ് സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല കുടുംബശ്രീ നല്‍കിയിരിക്കുന്നത്. ഓരോ സ്ഥാപനത്തിനുമായി കുടുംബശ്രി പന്ത്രണ്ടര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനഞ്ചോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.                                               (പിഎന്‍പി 3120/18) 

date