Skip to main content

വാഴൂര്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു

 

 ക്ഷീരവികസന രംഗത്ത് മികച്ച മാറ്റങ്ങളാണ് ഇപ്പോഴുളളതെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ. വാഴൂര്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ചമ്പക്കര ക്ഷീരോല്പാദക സഹകരണ സംഘം ഓഫീസിന് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരകര്‍ഷകര്‍ക്കുളള ആനുകൂല്യത്തിന് 30000 രൂപ എന്ന പരിധി നിശ്ചയിച്ചത് എടുത്തു കളയണമെന്ന ആവശ്യം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കും. ക്ഷീരകര്‍ഷകരുടെ ആശങ്കകളും പ്രശ്‌നങ്ങളും കൂടുതല്‍ ചര്‍ച്ചാവിധേയമാകണം. ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനുളള പ്രവര്‍ത്തങ്ങള്‍ ഉണ്ടാകണം അദ്ദേഹം പറഞ്ഞു. ക്ഷീരമേഖലയില്‍ വിശ്വാസ്യത ആവശ്യമാണെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി പറഞ്ഞു. കൂടുതല്‍ പശുക്കളെ ഒരുമിച്ച് ശാസ്ത്രീയമായി വളര്‍ത്തിക്കൊണ്ടു ജില്ല ക്ഷീരവികസനത്തില്‍ ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്ന് കളക്ടര്‍ ഓര്‍മിപ്പിച്ചു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ബാലഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി. കെ. അനികുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2017ലെ ക്ഷീരകര്‍ഷക പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമസഭയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി എംഎല്‍എക്ക് കൈമാറി. ചമ്പക്കര അപ്‌കോസ് സംഘം സ്ഥാപക പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായ സജി ഓലിക്കരയെ ചടങ്ങില്‍ ആദരിച്ചു. സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദര്‍ശനമത്സരവും സെമിനാറും സംഘടിപ്പിച്ചു. കന്നുകാലി പ്രദര്‍ശന മത്സരത്തിലെ വിജയികള്‍ക്കും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചമ്പക്കര ക്ഷീരസംഘം പ്രസിഡന്റ് ജോജോ ജോസഫ് സ്വാഗതവും വാഴൂര്‍ ക്ഷീരവികസന ഓഫീസര്‍ അനു കുമാരന്‍ നന്ദിയും പറഞ്ഞു. 

                                                              (കെ.ഐ.ഒ.പി.ആര്‍-2004/17)

date