Skip to main content

പ്രളയബാധിതര്‍ക്ക് കുടുംബശ്രീയുടെ കൈത്താങ്ങ് :  റീസര്‍ജന്റ് കേരള ലോണ്‍ ജില്ലാതല ഉദ്ഘാടനം നാളെ (1)

 

പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകുന്നതിന് കുടുംബശ്രീ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11.30ന് തിരുവല്ല ഡിറ്റിപിസി സത്രത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കും.

 ജില്ലാ സഹകരണ ബാങ്കുകളുടെ പെരിങ്ങര, പുറമറ്റം, നിരണം ശാഖകളും നെടുമ്പ്രം സര്‍വീസ് സഹകരണ ബാങ്കുമാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് വായ്പാവിതരണത്തിന് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജില്ലാ സഹകരണബാങ്കിന്റെ എല്ലാ ശാഖകള്‍ വഴിയും വായ്പ വിതരണം ആരംഭിക്കും. വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ച് ദേശസാല്‍കൃത ബാങ്കുകളുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണ്.   ഒരു ലക്ഷം രൂപ വരെയാണ് ഒരു കുടുംബത്തിന് ലഭിക്കുക. പ്രളയക്കെടുതിയില്‍പ്പെട്ട് 10000 രൂപ ധനസഹായം ആദ്യഘട്ടത്തില്‍ ലഭിച്ച എല്ലാ കുടുംബശ്രീ കുടുംബങ്ങള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. കുടുംബശ്രീയില്‍ അംഗമല്ലാത്ത പ്രളയബാധിതര്‍ക്ക് അംഗത്വമെടുത്ത് വായ്പ ലഭിക്കുന്നതിനുള്ള അവസരം രണ്ടാം ഘട്ടമായി നടപ്പാക്കും. ഒമ്പത് ശതമാനം പലിശനിരക്കിലാണ് ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. പലിശ ബാധ്യത പൂര്‍ണമായും കുടുംബശ്രീ വഹിക്കും. തിരിച്ചടവ് കാലാവധി 36 മുതല്‍ 48 മാസം വരെയാണ്. അയല്‍ക്കൂട്ട ഗ്രൂപ്പുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെയും വ്യക്തികള്‍ക്ക് ഒന്നര ലക്ഷം രൂപ വരെയുമാണ് നിലവിലുള്ള വായ്പാപരിധി. നേരത്തേ വായ്പ എടുത്തിട്ടുള്ള വ്യക്തികള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും ഈ പരിധിക്കുള്ളില്‍ നിന്ന് നല്‍കാവുന്ന വായ്പ ലഭിക്കും. ജില്ലയിലെ 1500 അയല്‍ക്കൂട്ടങ്ങളെയാണ് പ്രളയക്കെടുതി ബാധിച്ചത് ഇതില്‍ 818 അയല്‍ക്കൂട്ടങ്ങള്‍ വായ്പയ്ക്കുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. 6374 അംഗങ്ങളാണ് വായ്പയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 1003 അപേക്ഷകള്‍ വായ്പ അനുവദിക്കുന്നതിനായി ബാങ്കുകളിലേക്ക് നല്‍കി. 

                 (പിഎന്‍പി 3128/18)

date