പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ അദാലത്ത്
പ്രളയത്തില്‍ നഷ്ടപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ നല്‍കുന്നതിന് ജില്ലാ ഭരണകൂടവും സംസ്ഥാന ഐടി മിഷനും സംയുക്തമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അദാലത്തുകള്‍ നടത്തുന്നു. ഒക്‌ടോബര്‍ ഒന്നിന് റാന്നി സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിലും മൂന്നിന് കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നാലിന് തിരുവല്ല ഡയറ്റിലും രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് അദാലത്ത് നടത്തുക. പ്രളയത്തില്‍ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹനരജിസ്‌ട്രേഷന്‍ രേഖ, പ്രമാണങ്ങള്‍, ഇന്‍ഷുറന്‍സ് രേഖകള്‍, ആരോഗ്യഇന്‍ഷുറന്‍സ് കാര്‍ഡ്, ജനന-മരണ, വിവാഹ രേഖകള്‍, ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പുകളാണ് സൗജന്യമായി ലഭിക്കുന്നത്. എസ്എസ്എല്‍സിയുടെ 2001 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ലഭിക്കൂ. അതിന് മുമ്പുള്ളവ ലഭിക്കുന്നതിന് പഠിച്ച സ്‌കൂളുകളുമായി ബന്ധപ്പെടണം. അദാലത്തിനെത്തുന്നവര്‍ പേര്, ബന്ധപ്പെടേണ്ട വകുപ്പ് തുടങ്ങിയ വിവരങ്ങള്‍ കൗണ്ടറില്‍ നല്‍കി ടോക്കണ്‍ കൈപ്പറ്റണം. അദാലത്ത് സംബന്ധിച്ച വിശദവിവരം കൗണ്ടറില്‍ ലഭിക്കും. (പിഎന്‍പി 3130/18)
- Log in to post comments