Skip to main content

ജില്ലാ ആസൂത്രസമിതി: ജില്ലാ പഞ്ചായത്തിന്റെ 65 പുതിയ  പദ്ധതികള്‍ക്ക് അംഗീകാരം  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ വര്‍ക്കിങ് ഗ്രൂപ്പ് ആരംഭിക്കും

 

ജില്ലാ പഞ്ചായത്തിന്റെ പുതിയ 65 പദ്ധതികളും 101 പദ്ധതികളുടെ ഭേദഗതികള്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി.  പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ദുരന്തനിവാരണം ലക്ഷ്യമിട്ട് പുതുതായി ഒരു വര്‍ക്കിങ് ഗ്രൂപ്പ് നിര്‍ബന്ധമായും ആരംഭിക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പുതിയ വര്‍ക്കിങ് ഗ്രൂപ്പില്‍ അതത് തദ്ദേശ സ്ഥാപനത്തിന്റെ പ്രസിഡന്റായിരിക്കും അധ്യക്ഷന്‍. സെക്രട്ടറിയായിരിക്കും കണ്‍വീനര്‍. ജൈവവൈവിധ്യ മാനേജ്‌മെന്റ്, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം എന്നീ വിഷയങ്ങളില്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വികസന സ്റ്റാന്റിങ് കമ്മികള്‍ക്ക് കീഴിലാണ് ഈ വര്‍ക്കിങ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുക.ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിക്ക് കീഴിലുമായിരിക്കും പ്രവര്‍ത്തിക്കുക. ബന്ധപ്പെട്ട മേഖലയില്‍ പരിചയവും പ്രാവീണ്യവും ഉള്ളവരും സേവന സന്നദ്ധരായ യുവാക്കളെയും വര്‍ക്കിങ് ഗ്രൂപ്പില്‍ ഉള്‍ക്കൊള്ളിക്കണം. പുതിയ വാര്‍ഷിക പദ്ധതിയെ സംബന്ധിച്ച ചര്‍ച്ച ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കണം. ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണം. വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകള്‍ നവംബര്‍ 15 നകം പൂര്‍്ത്തിയാക്കുകയും ഡിസംബര്‍ 31 നകം പദ്ധതി അംഗീകാരം വാങ്ങുകയും വേണം. ചില ഗ്രാമപഞ്ചായത്തുകളിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

തിരുവല്ല, പന്തളം നഗരസഭകള്‍, മല്ലപ്പള്ളി, പന്തളം, ഇലന്തൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകളായ ആനിക്കാട്, ചെറുകോല്‍, കല്ലൂപ്പാറ, കോന്നി, മല്ലപ്പള്ളി, മല്ലപ്പുഴശ്ശേരി, തണ്ണിത്തോട്, തോട്ടപ്പുഴശ്ശേരി, ചെന്നീര്‍ക്കര, ഏനാദിമംഗലം, ഏഴംകുളം, കടമ്പനാട്, കടപ്ര, കോഴഞ്ചേരി, മലയാലപ്പുഴ, പെരിങ്ങര, പുറമറ്റം, കലഞ്ഞൂര്‍, നാറാണംമൂഴി, അരുവാപ്പുലം, പള്ളിക്കല്‍, വെച്ചൂച്ചിറ, ഏറത്ത്, റാന്നിപെരുനാട്, ഓമല്ലൂര്‍, പ്രമാടം എന്നീ 32 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 

തിരുവല്ല നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റിനും ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2.98 കോടി രൂപ അടങ്കല്‍ തുകയുള്ള ലേബര്‍ ബഡ്ജറ്റില്‍ 97 പ്രവര്‍ത്തികളിലായി 82071 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.        (പിഎന്‍പി 3131/18) 

date