Skip to main content

പത്ത് ദിവസത്തെ സേവനം പൂര്‍ത്തിയാക്കി ടെക്ക് ഹാന്റ്‌സ് സംഘം മടങ്ങി

 

 

കൊച്ചി: പ്രളയത്തില്‍ നശിച്ച  ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നന്നാക്കാന്‍  പറവൂരില്‍ എത്തിയ ടെക്ക് ഹാന്റ്‌സ് സംഘം പത്തു  ദിവസത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. അഭയാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തെലുങ്കാന സര്‍ക്കാര്‍ സ്ഥാപനമായ ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് കണ്‍സ്ട്രക്ഷന്‍സിലെ 100 ലധികം വോളന്റിയര്‍മാരും അദ്ധ്യാപകരും ജില്ലാ ഭരണകൂടവുമാണ് ടെക് ഹാന്റ്‌സ് സംരംഭത്തിന്  പിന്നില്‍ പ്രവര്‍ത്തിച്ചത് . പറവൂര്‍ മേഖലയില്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച മൂവായിരത്തോളം ഇലക്ട്രോണിക് ഉപകരണങ്ങളാണ് പദ്ധതിയിലൂടെ വോളന്റിയര്‍മാര്‍  നന്നാക്കി എടുത്തത്. പത്ത് ദിവസങ്ങള്‍ കൊണ്ട് ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപയുടെ സേവനം ഇവര്‍ ലഭ്യമാക്കി.  

പറവൂര്‍ മേഖലകളില്‍ അഭയാ ഫൗണ്ടേഷന്‍ നടത്തിയ നിസാര്‍ത്ഥ  സേവനത്തിന് .  കളക്‌ട്രേറ്റ് പ്ലാനിങ് ഹാളില്‍ നടന്ന അനുമോദന ചടങ്ങില്‍ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നന്ദി പറഞ്ഞു. വളരെ മാതൃകാപരമായ പ്രവര്‍ത്തനമാണ് ടെക് ഹാന്റ്‌സ് സന്നദ്ധപ്രവര്‍ത്തകര്‍ കാഴ്ചവെച്ചത്. കേരളത്തെ  പ്രളയം ബാധിച്ചപ്പോള്‍ ഇത്രയും ദൂരം സഞ്ചരിച്ച്  ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ സൗജന്യമായി ചെയ്തു തന്ന ഇവരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.   രാജ്യത്തിന്റെ ഒരുമയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

തുടര്‍ന്നും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് അഭയ ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടര്‍ ബാലചന്ദ്ര സുങ്കു പറഞ്ഞു.  ചടങ്ങില്‍ ടെക് ഹാന്റ്‌സ് വോളണ്ടിയര്‍മാര്‍ക്കും നേതൃത്വം നല്‍കിയവര്‍ക്കും പദ്ധതിയുടെ ഭാഗമായി സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ ഭരണകൂടം വിതരണം ചെയ്തു. കൂടാതെ നാഷനല്‍ അക്കാദമി ഓഫ് കണ്‍സ്ട്രക്ഷന്‍സിലെ അധ്യാപകരായ ടീം ലീഡര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കി. വടക്കേക്കര , പുത്തന്‍വേലിക്കര, കരുമാല്ലൂര്‍, ചൂര്‍ണ്ണിക്കര എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ കെ.എം അംബ്രോസ്, പി.വി ലൈജു , ജി.ഡി.ഷിജു , എ.പി. ഉദയകുമാര്‍,  നോഡല്‍ ഓഫീസര്‍ സുജിത് കരുണ്‍ എന്നിവരെ  അഭയ ഫൗണ്ടേഷന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

 

 സെപ്റ്റംബര്‍ 21ന് എറണാകുളത്ത് എത്തിയ സംഘം 20 പേരടങ്ങുന്ന ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് പറവൂര്‍ താലൂക്കിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികളും, വീട്ടുപകരണങ്ങളുടെ റിപ്പയറിംഗും നടത്തി. വടക്കന്‍ പറവൂര്‍, കരുമാല്ലൂര്‍, പുത്തന്‍വേലിക്കര, വടക്കേക്കര, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, ആലങ്ങാട്, കടുങ്ങല്ലൂര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംഘം റിപ്പയറിംഗ് പ്രവൃത്തികള്‍ ചെയ്തത്. പഞ്ചായത്ത് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ടെക്‌നിക്കല്‍ ടീമിന്റെ സേവനങ്ങള്‍ ലഭ്യമാക്കിയത്. വിവിധ ഇടങ്ങളിലായി നൂറ് കണക്കിന് മോട്ടറുകള്‍, മിക്‌സികള്‍, അയണ്‍ ബോക്‌സുകള്‍, ഫാനുകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ സംഘം റിപ്പയര്‍ ചെയ്തു. സഹായം ആവശ്യമുള്ളവര്‍ക്ക് വീടുകളും കോളനികളും സന്ദര്‍ശിച്ച് ഇലക്ട്രിക് - പ്ലംബിംഗ് ജോലികള്‍ ചെയ്തു കൊടുത്തു. ടെക് ഹാന്റ്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബിപിസിഎലിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി വാഹനങ്ങളും ഇതിനായി ജില്ലാ ഭരണകൂടം ലഭ്യമാക്കി. ഓരോ ഗ്രൂപ്പിനും ഓരോ ടെമ്പോ ട്രാവലറുകളാണ് നല്‍കിയത്. ബേസ് ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇവരുടെ സേവനം നല്‍കി.

 

പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലായിരുന്നു ഇവരുടെ ബേസ് ക്യാമ്പുകളുടെ പ്രവര്‍ത്തനം. പഞ്ചായത്ത് അംഗങ്ങള്‍ വഴിയും നോട്ടീസ് അടിച്ചുമാണ് ടെക്ക് ഹാന്റ്‌സ് പദ്ധതിയുടെ പ്രചരണം നടത്തിയത്. വീടിരിക്കുന്ന സ്ഥലം, ഫോണ്‍ നമ്പര്‍, കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ നല്‍കിയാണ് പഞ്ചായത്ത് ഓഫീസില്‍ ഇവരുടെ സേവനത്തിനായി ആളുകള്‍ രജിസ്റ്റര്‍ ചെയ്തത്. അവിടെ നിന്നും അടുത്തുള്ള ബേസ് ക്യാമ്പിന്റെ വിവരങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കി. 

 

പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലും സംഘം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിന് അഭയാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാട്ടര്‍ പ്യൂരിഫയറുകളും, പാത്രങ്ങളും ലഭ്യമാക്കി. സംഘം താമസിച്ചിരുന്ന വടക്കേക്കര, കരുമാലൂര്‍, ചൂര്‍ണ്ണിക്കര, പുത്തന്‍വേലിക്കര എന്നീ പഞ്ചായത്തുകളിലാണ് ഇവ വിതരണം ചെയ്തത്. അംഗന്‍വാടികള്‍, സ്‌കൂളുകള്‍, തുടങ്ങിയ പൊതു സ്ഥലങ്ങള്‍ കൂടാതെ വിധവകള്‍, ആശ്രയ കുടുംബങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു വിതരണം. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഒരു വാട്ടര്‍ പ്യൂരിഫയറും ഒരു സെറ്റ് പാത്രങ്ങളും നല്‍കി.

date