അടൂര്‍ ശുദ്ധജലവിതരണപദ്ധതി :ഡക്ടൈല്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു - ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
നീണ്ട കാത്തിരിപ്പിനൊടുവില്‍ അടൂരിലെ ശുദ്ധജലവിതരണ പദ്ധതിയുടെ പഴയ പൈപ്പ് മാറ്റിയിടാനുള്ള നടപടിക്ക് അനുമതി കിട്ടിയതായി അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഇതിനായി 5.74 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. കെ.പി റോഡില്‍ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ പറക്കോട് വരെയും പറക്കോട് മുതല്‍ പട്ടാഴി മുക്ക് വരെയും പട്ടാഴി റോഡില്‍ കിളിക്കൂട് വരെയും അവിടെ നിന്ന് ഐവര്‍കാല റോഡില്‍ പറക്കോട് മുതല്‍ പരുത്തിപ്പാറ വരെയുമുള്ള ഏഴര കിലോമീറ്ററിനിടയിലാണ് പഴയ പൈപ്പുകള്‍ മാറി ഡക്ടൈല്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. മുന്‍പ് എ.സി പൈപ്പുകള്‍ ആയതിനാല്‍ വെള്ളം ശക്തിയായി പമ്പ് ചെയ്യാനാകില്ലായിരുന്നു. കൂടാതെ ഇടയ്ക്കിടെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം മുടങ്ങിയിരുന്നു. മുന്‍പ്, ഈ പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിനായി ഏഴരക്കോടി രൂപ അനുവദിച്ചിരുന്നുവൈങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പണി നടക്കാതെ നീണ്ട് പോകാനിടയായി. പഴയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി പൈപ്പുകള്‍ ഇറക്കിയിട്ട് രണ്ട് വര്‍ഷത്തോളമായിരുന്നു. പുതിയ പൈപ്പുകള്‍ ഇറക്കിയിട്ടിട്ടും മാറ്റി സ്ഥാപിക്കാന്‍ കാലതാമസം എടുത്തത് റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട ജല അതോറിറ്റി പി.ഡബ്ല്യു.ഡിക്ക് തുക അടയ്ക്കാത്തത് മൂലമായിരുന്നു. നിരന്തരമായ അപേക്ഷയെ തുടര്‍ന്ന് അടൂര്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതോടെ ഉയര്‍ന്ന ഇടങ്ങളിലും മറ്റും കൂടുതല്‍ വെള്ളം ലഭിക്കുന്നതിനും പൈപ്പുകള്‍ പൊട്ടാനുള്ള സാധ്യത വളരെ കുറവുമാണ്. ഇവ റോഡിന് ഇരുവശങ്ങളിലും സ്ഥാപിക്കുന്നതിലൂടെ റോഡിന് കേടുപാടുണ്ടാകുകയില്ലായെന്നതും ഇത്തരം പൈപ്പുകളുടെ പ്രത്യേകതയാണ്. പൈപ്പിടല്‍ പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പദ്ധതി വേഗം പൂര്‍ത്തീകരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
(പിഎന്‍പി 4192/18)
- Log in to post comments