നിമിഷങ്ങള്‍ക്കകം റേഷന്‍ കാര്‍ഡ് ലഭിച്ചു; ആശ്വാസത്തോടെ പങ്കജാക്ഷിയമ്മ
ജീവിത പ്രശ്‌നമല്ലേ.... വരാതിരിക്കാന്‍ കഴിയുമോ? പ്രായത്തിന്റെ ശാരീരിക അവശതകള്‍ക്കിടയിലും പ്രളയത്തില്‍ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് വീണ്ടെടുക്കുന്നതിനായാണ് പങ്കജാക്ഷിയമ്മ അദാലത്തിലെത്തിയത്. തിരുവല്ല മംഗലശേരി കടവ് സ്വദേശിനിയായ 68 വയസുകാരി പങ്കജാക്ഷിയമ്മയ്ക്ക് പ്രളയത്തില്‍ സര്‍വ്വവും നഷ്ടപെട്ടു. സമീപത്തുള്ള ക്യാമ്പിലായിരുന്നു പങ്കജാക്ഷിയമ്മയും കുടുംബവും താമസിച്ചിരുന്നത്. പ്രളയത്തിന് ശേഷം ജീവിതം ഒന്നില്‍ നിന്നും പുനരാരംഭിച്ചപ്പോഴും വില്ലനായത് റേഷന്‍ കാര്‍ഡ് ഇല്ലാതായത് ആയിരുന്നു. വാര്‍ഡ് മെമ്പര്‍ അജിതയുടെ നിര്‍ദ്ദേശ പ്രകാരമാണ് പങ്കജാക്ഷിയമ്മ സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച അദാലത്തിലെത്തിയത്. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ജി. സത്യപാല്‍ പുതിയ റേഷന്‍ കാര്‍ഡ് പങ്കജാക്ഷിയമ്മയ്ക്ക് അദാലത്തില്‍ കൈമാറി. തിരുവല്ല മുനിസിപ്പാലിറ്റി നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് പങ്കജാക്ഷിയമ്മയും കുടുംബവും താമസിക്കുന്നത്. സമീപത്തുള്ള അമ്പലത്തില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് കിട്ടുന്ന തുച്ഛമായ തുക മാത്രമാണ് പങ്കജാക്ഷിയമ്മയുടെ ഏക വരുമാനം. മുന്‍പുണ്ടായ അപകടത്തില്‍ ശരീരമാസകലം നിരവധി പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ഇവ വകവെയ്ക്കാതെയാണ് പ്രതീക്ഷയോടെ അദാലത്തിനെത്തിയത്. നഷ്ടമായ ഇലക്ഷന്‍ ഐഡി കാര്‍ഡും, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനുമുള്ള നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാണ് പങ്കജാക്ഷിയമ്മ മടങ്ങിയത്. റേഷന്‍ കാര്‍ഡുമായി മടങ്ങുമ്പോള്‍ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും ആശ്വാസത്തിന്റെ പുതുവെളിച്ചം പങ്കജാക്ഷിയമ്മയുടെ മുഖത്ത് തെളിഞ്ഞു നിന്നു. (പിഎന്‍പി 3225/18)
- Log in to post comments