Skip to main content

വയോജന സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം- വയോജനസംരക്ഷണ നിയമം-സെമിനാ൪

മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവർക്കായി സർക്കാർ, സർക്കാരിതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും ഏകോപിപ്പിക്കണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആ൪.ആ൪. രജിത. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ രജിസ്ട്രേഷൻ, പോലീസ് വകുപ്പുകളിലെ  ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വയോജന സംരക്ഷണ നിയമം-ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജഡ്ജ്.

 

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്ക് സൗജന്യമായി മരുന്ന് വിതരണം നൽകുന്ന വയോ രക്ഷ പദ്ധതിയിൽ 10 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി നിരവധി പദ്ധതികൾ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യമെന്ന് സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ് പറഞ്ഞു.

 

തുടർന്ന് മാതാപിതാക്കന്മാരുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമത്തെക്കുറിച്ച് അഡ്വക്കേറ്റ് പ്രവീൺ, അഡ്വക്കേറ്റ് പാർവതി മേനോൻ എന്നിവരും വയോജന മേഖലയിലെ വിവിധ പദ്ധതികളെക്കുറിച്ച് ദിവ്യ രാമകൃഷ്ണ൯, മെയിന്റന൯സ് ട്രിബ്യൂണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര എന്നിവർ ക്ലാസുകളെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എൽസി ജോർജ്, വയോജന കൗൺസിൽ അംഗം കെ.എം. പീറ്റർ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി.സ്മിത നന്ദി പറഞ്ഞു.

date