ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ 3 പദ്ധതികളുടെ ഉദ്ഘാടനം
സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ സുപ്രധാന മൂന്ന് പദ്ധതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് (ഒക്ടോബർ 15) ഉദ്ഘാടനം ചെയ്യും. സെൻസറി ഇന്റഗ്രേഷൻ യൂണിറ്റിന്റെ ഉദ്ഘാടനവും വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെയും ഹോസ്റ്റലിന്റെയും നിർമ്മാണോദ്ഘാടനവുമാണ് ഉച്ചക്ക് 2 മണിക്ക് മന്ത്രി നിർവഹിക്കുക.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മേയർ ആര്യ രാജേന്ദ്രൻ, ഡോ ശശി തരൂർ എം.പി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ഷാനവാസ് എസ്, എസ്.ഐ.എം.സി ഡയറക്ടർ ഇൻ ചാർജ് ഷിബി ആർ കെ, പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാർ, വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് തുടങ്ങിയവർ സംബന്ധിക്കും.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്ഥാപനത്തിൽ സ്വപ്നപദ്ധതികൾ യാഥാർഥ്യമാക്കുന്നത്. 13 കോടി 85 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെയും ഹോസ്റ്റലിന്റെയും ഒന്നാംഘട്ട കെട്ടിട നിർമ്മാണ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒക്യുപ്പേഷണൽ തെറാപ്പിയുടെ ഭാഗമായി ന്യൂറോ ഡെവലപ്പ്‌മെന്റൽ ഡിസോർഡേഴ്‌സുള്ള കുട്ടികളുടെ ചികിത്സയ്ക്ക് സഹായമാകുന്ന രീതിയിലാണ് അത്യാധുനിക സെൻസറി ഇന്റഗ്രേഷൻ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്.
പി.എൻ.എക്‌സ്. 4586/2024
- Log in to post comments