കാരുണ്യഗ്രാമം പദ്ധതി മാതൃകാപരം ആരോഗ്യ രംഗം കൂടുതല്‍ ജനകീയമാക്കി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
ആരോഗ്യ രംഗം കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് തുടര്‍ചികിത്സക്കായി ഏഴംകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കാരുണ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
24 മണിക്കൂറും ഡോക് ടറുടെ സേവനം ലഭ്യമാക്കുന്ന തരത്തിലേക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ മാറ്റിയെടുത്തു. മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം മരുന്നുകളുടെ ലഭ്യതക്കുറവ് ഇന്ന് കേള്‍ക്കാനില്ല. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആയുര്‍വേദ ആശുപത്രിയും ഹോമിയോ ആശുപത്രിയും ഉള്ള ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കാന്‍സര്‍ പോലുള്ള അത്യന്തം ശ്രദ്ധവേണ്ടുന്ന രോഗബാധിതര്‍ക്കായി എ പി എല്‍, ബി പി എല്‍ വ്യത്യസമില്ലാതെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ ഇന്ന് ഉണ്ട്. ഇതിന് പൂരകമായി ഏഴംകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കാരുണ്യഗ്രാമം പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. ഗ്രാപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരസ്വതി ഗോപി, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, രാഷ് ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments