Skip to main content

എറണാകുളം അറിയിപ്പുകള്‍ - 2

നുമ്മ ഊണ് വെബ്സൈറ്റ് ഉദ്ഘാടനം ഇന്ന്

കാക്കനാട്: എറണാകുളം ജില്ലയില്‍ ഒരാള്‍ പോലും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതി നുമ്മ ഊണിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 9) രാവിലെ 10.30ന് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിക്കും.  

തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്.  നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൈലറ്റ് പ്രോജക്ടായി തുടങ്ങിയ പദ്ധതി ഫലപ്രദമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരുന്നു. 

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലാ കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നുമായി നിത്യേന 100 കൂപ്പണുകളാണ് നല്‍കിയിരുന്നത്. പദ്ധതി വിജയമായതോടെ രണ്ടാം ഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 300 ആക്കി ഉയര്‍ത്തി.  മൂന്നാം ഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 500 ആക്കുകയും ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയുമായിരുന്നു.    
 
വോട്ടര്‍ പട്ടികയില്‍ നവംബര്‍ 15 വരെ പേരു ചേര്‍ക്കാം

കാക്കനാട്: വോട്ടര്‍ പട്ടികയില്‍ നവംബര്‍ 15 വരെ പേരു ചേര്‍ക്കാം. 2019 ജനുവരി ഒന്നിന് 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വോട്ടര്‍ പട്ടികയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ വിഭാഗം രൂപകല്‍പ്പന ചെയ്ത സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍-സ്വീപ് പ്രോഗ്രാമിലൂടെ യുവജനങ്ങള്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ എന്നിവരെ ബോധവല്‍കരിക്കും.  പ്രളയം ബാധിച്ച പ്രദേശങ്ങളും കോളേജുകളും കേന്ദ്രികരിച്ച് പ്രത്യേക ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. ഇതിനായി ബി.എല്‍.ഒ.മാരെ പ്രത്യേകം നിയോഗിക്കും. അന്തിമ വോട്ടര്‍ പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.  

ഇലക്ഷന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാരെയും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും ഉള്‍പ്പെടുത്തി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ദിനേശ് കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രളയം ബാധിച്ച പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കുക, അംഗവൈകല്യം ഉള്ളവര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കുക, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, ട്രാന്‍സ്പോര്‍ടേഷന്‍ പ്ലാന്‍, എന്നിവ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.    

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 15,071 വോട്ടര്‍മാരുടെ കുറവുണ്ട്.  വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പൊഴിവാക്കാന്‍ ഡി-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പട്ടിക തയ്യാറാക്കിയതിനെ തുടര്‍ന്നാണിത്.   മരണപ്പെട്ടവര്‍, സ്ഥലം മാറിപ്പോയവര്‍, ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ഉള്ളവര്‍ എന്നിവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇതുവഴി സാധിച്ചു. 

കരടു വോട്ടര്‍ പട്ടികപ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് പിറവത്തും കുറവ് എറണാകുളം നിയോജക മണ്ഡലത്തിലുമാണ്.  പെരുമ്പാവൂരില്‍ 166973, അങ്കമാലി 157207, ആലുവ 170356, കളമശ്ശേരി 179003, പറവൂര്‍ 181364, വൈപ്പിന്‍ 160115, കൊച്ചി 165773, തൃപ്പൂണിത്തുറ 188528, എറണാകുളം 144985, തൃക്കാക്കര 170807, കുന്നത്തുനാട് 167353, പിറവം 191415, മൂവാറ്റുപുഴ 169608, കോതമംഗലം 153715 വീതമാണ് വോട്ടര്‍മാരുള്ളത്. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതലുള്ളത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്; 1000 പുരുഷന്മാര്‍ക്ക് 1059 സ്ത്രീകള്‍. കുറവ് മൂവാറ്റുപുഴയിലും രേഖപ്പെടുത്തി; 1000 പുരുഷന്മാര്‍ക്ക് 994 സ്ത്രീകള്‍. ഇത്തവണ കണയന്നൂര്‍ താലൂക്കിലും മൂവാറ്റുപുഴ താലൂക്കിലും പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.  ഭിന്നലിംഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നു പേരുടെ വര്‍ദ്ധനവുണ്ടായി.  

പ്ലാനിങ് അസിസ്റ്റന്റ് കരാര്‍ നിയമനം

കാക്കനാട്: എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ക്കായി പ്ലാനിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   ജിയോഗ്രഫി/ ജിയോളജി യില്‍ ബിരുദാനന്തര ബിരുദമോ റിമോട്ട് സെന്‍സിങ്ങിലോ ജി.ഐ.എസ്.ലോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക്  ജി.ഐ.എസ്. സോഫ്റ്റ് വെയര്‍ ഉപയോഗത്തില്‍ പ്രാവീണ്യമുണ്ടായിരിക്കണം.  സീനിയര്‍ ടൗണ്‍ പ്ലാനര്‍, മേഖല നഗരാസൂത്രണ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, എറണാകുളം, കാക്കനാട്/ stpekm@gmail.com ല്‍ അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 20.  ഫോണ്‍ 04842427223.

date