Skip to main content

ഉപതിരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണം- ജില്ലാ കളക്ടര്‍

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹരിതചട്ടം പൂര്‍ണ്ണമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര നിര്‍ദ്ദേശിച്ചു.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുന:ചംക്രമണ സാധ്യതയുള്ള പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് പി.വി.സി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ എന്നിവ കര്‍ശനമായി ഒഴിവാക്കണം. തിരഞ്ഞെടുപ്പ് പ്രചരണ സമയങ്ങളില്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കളായ സ്റ്റീല്‍, ചില്ല്, സെറാമിക് പാത്രങ്ങള്‍, വാഴയില തുടങ്ങിയവ ഉപയോഗിക്കണം. നിരോധിത ഉല്‍പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പ് ബോര്‍ഡ്, ബാനര്‍ എന്നിവയില്‍ പി.വി.സി ഫ്രീ റീസൈക്ലബിള്‍ ലോഗോ, പ്രിന്ററുടെ പേര്, ഫോണ്‍ നമ്പര്‍, ഓര്‍ഡര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. പുനഃചംക്രമണ പുനഃരുപയോഗ യോഗ്യമായ പ്രചരണ സാമഗ്രികള്‍ ഉപയോഗശേഷം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date