ജില്ലയില്‍ മയക്കുമരുന്നിന്റെയും ലഹരിപദാര്‍ഥങ്ങളുടെയും വ്യാപനം ആപത്ക്കരം കര്‍ശന മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ്
ജില്ലയില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ ഇടയിലും മറ്റ് മേഖലകളിലും മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ആപത്കരമായ വ്യാപനം നടക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ മുന്നറിയിപ്പ്. 2017-18 വര്‍ഷത്തെ എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം അവലോകനം ചെയ്തപ്പോഴാണ് ഗുരുതരമായ സ്ഥിതിവിശേഷം മനസ്സിലായിട്ടുള്ളത്. ജില്ലയില്‍ എക്‌സൈസ് കണ്ടെടുത്ത മയക്കുമരുന്ന് കേസുകളില്‍ ഭൂരിഭാഗവും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചുകൊണ്ടുള്ളവയായിരുന്നു. വളര്‍ന്നുവരുന്ന തലമുറയുടെ ചിന്താശേഷിയും ക്രിയാശേഷിയും തകര്‍ക്കുന്ന തരത്തിലുള്ള ആസൂത്രിതമായ കുത്സിതശ്രമങ്ങളാണ് മയക്കുമരുന്ന് ലോബിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വിദ്യാര്‍ഥികളെ ലഹരിമരുന്നിന്റെ വാഹകരാക്കി വന്‍തോതില്‍ ലഹരിമരുന്ന് കള്ളക്കടത്ത് വ്യാപിപ്പിക്കാന്‍ മയക്കുമരുന്ന് ലോബി ഗൂഢതന്ത്രങ്ങള്‍ രൂപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം റാന്നിയിലും മല്ലപ്പള്ളിയിലും പാഴ്‌സല്‍ സര്‍വീസുകള്‍ പരിശോധിച്ചതില്‍ വന്‍തോതിലുള്ള മയക്കുമരുന്നിന്റെ വിപണനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബുകള്‍ കേന്ദ്രീകരിച്ച് നടപടികള്‍ ശക്തമാക്കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം എക്‌സൈസ് ഉദേ്യാഗസ്ഥര്‍ സ്‌കൂള്‍, കോളജ് അധികൃതരുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തും. എല്ലാ സ്‌കൂള്‍, കോളജ് അധികൃതരും മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച വിവരം എക്‌സൈസ്, പോലീസ് വകുപ്പുകളെ അറിയിക്കണം. മദ്യമയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് സ്‌കൂള്‍, കോളജ് അധികൃതരുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉണ്ടാകണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍ അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ 155358എന്ന ടോള്‍ ഫ്രീ നമ്പരിലോ പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസിലെ 0468 2222873 എന്ന നമ്പരിലോ അറിയിക്കണം. (പിഎന്‍പി 3301/18)
- Log in to post comments