Skip to main content
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാര്‍ഷിക വികസന സമിതിയോഗത്തില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ സംസാരിക്കുന്നു.

കുട്ടനാട്ടിലെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അപ്പര്‍കുട്ടനാട്ടിലെ  കര്‍ഷകര്‍ക്കും ലഭ്യമാക്കും - മന്ത്രി വി.എസ്.സുനില്‍കുമാര്‍

 

ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തെ കര്‍ഷകര്‍ക്ക് നല്‍കുന്ന എല്ലാ  ആനുകൂല്യങ്ങളും അപ്പര്‍കുട്ടനാട് പ്രദേശത്തെ കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാര്‍ഷിക വികസന സമിതിയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളോടൊപ്പം അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍ക്കും ഏറെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നെല്ലുല്‍പാദനത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ പ്രദേശത്തെ കര്‍ഷകര്‍ സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരാണ്. വിള ഇന്‍ഷുറന്‍സ് കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടനാടന്‍ മേഖലയില്‍ ലഭ്യമാക്കുന്ന എല്ലാ ആനുകൂല്യങ്ങളും അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍ക്കും നല്‍കുന്നത്. പ്രളയക്കെടുതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് ആവശ്യത്തിനുള്ള തുക കൃഷിവകുപ്പിന് അനുവദിച്ചിട്ടുണ്ട്. കുട്ടനാടന്‍ മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും ഹെക്ടറിന് 125 കിലോ നെല്‍വിത്ത് സൗജന്യമായി നല്‍കും. പ്രളയത്തില്‍ ചെളി അടിഞ്ഞുകൂടിയിട്ടുള്ള കൃഷിയിടങ്ങളില്‍ നിന്നും ചെളി നീക്കം ചെയ്യുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് അടിയന്തരമായി തയാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കൃഷിനാശത്തിനുള്ള തുക വിതരണം ചെയ്തതിന് ശേഷം  ബാക്കി വരുന്ന തുകയും മറ്റ് ആവശ്യങ്ങള്‍ക്ക് നീക്കിവച്ചിരിക്കുന്ന തുകയും ചേര്‍ത്ത് പ്രളയത്തില്‍ രൂപഭേദം വന്ന കൃഷിയിടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. പ്രളയബാധിത മേഖലകളിലേക്ക് 200 കോടി രൂപയാണ് അടിയന്തര പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ഇത് പ്രളയബാധിതമായ 900 പഞ്ചായത്തുകള്‍ക്ക് പ്രയോജനകരമാകും. 

കൃഷിനാശത്തിന്റെ നഷ്ടപരിഹാരം നല്‍കി

കര്‍ഷകര്‍ക്ക് 2012മുതല്‍ 2017 വരെ ഉണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം 2014 ഒഴിച്ച് മറ്റ് വര്‍ഷങ്ങളിലേത് പൂര്‍ണമായും നല്‍കിക്കഴിഞ്ഞു. 2013-14 വര്‍ഷത്തെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തിനുള്ള സംസ്ഥാനവിഹിതം നല്‍കാതിരുന്നതിനാല്‍ ഈ കാലയളവിലെ നഷ്ടപരിഹാരം നല്‍കുവാന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ അനുമതിയോടെ ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുത്ത് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

കാര്‍ഷിക വായ്പകള്‍ നവംബര്‍ 15നകം പുനക്രമീകരിക്കണം

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടവ് ബുദ്ധിമുട്ടായ സാഹചര്യത്തില്‍ വായ്പകള്‍ പുനക്രമീകരിക്കുന്നതിന് കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്നതിന് ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക ലോണുകള്‍ പുനക്രമീകരിക്കുന്നതിന് നവംബര്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കര്‍ഷകര്‍ ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പകള്‍ പുനക്രമീകരിക്കണം. 

കാര്‍ഷിക സ്വര്‍ണപണയ വായ്പകള്‍ അര്‍ഹരായവര്‍ക്കാണ് ലഭിക്കുന്നതെന്ന് 

ഉറപ്പുവരുത്തും

കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാക്കുന്നതിന് നാല് ശതമാനം പലിശയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന വായ്പാ പദ്ധതികള്‍ അര്‍ഹരായവര്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 40000 കോടി രൂപയോളം നാല് ശതമാനം പലിശയ്ക്ക് ബാങ്കുകള്‍ അനുവദിച്ചപ്പോള്‍ ഇതില്‍ 33000 കോടി രൂപയും കാര്‍ഷിക സ്വര്‍ണപണയ വായ്പയായിരുന്നു. 6643 കോടി രൂപ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി നല്‍കിയിരുന്നു. കാര്‍ഷിക സ്വര്‍ണപണയ വായ്പകള്‍ പലപ്പോഴും ലഭിക്കുന്നത് അര്‍ഹരായ കര്‍ഷകര്‍ക്കല്ല. പാട്ടത്തിന് ഭൂമി കൃഷി ചെയ്യുന്നു എന്നതിന് തെളിവായി ആരുടെയെങ്കിലും കരം അടച്ച രസീത് ബാങ്കില്‍ നല്‍കി മൂന്ന് ലക്ഷം രൂപ വരെ നാല് ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക സ്വര്‍ണപണയ വായ്പ എടുത്ത് ഉയര്‍ന്ന പലിശയ്ക്ക് സ്ഥിരനിക്ഷേപങ്ങള്‍ നടത്തുന്ന കേസുകള്‍ വരെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സബ്‌സിഡിയോടെ നല്‍കുന്ന വായ്പകള്‍ അനര്‍ഹര്‍ കൈപ്പറ്റുന്നതുമൂലം യഥാര്‍ഥ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയുണ്ട്. ഇത് ഒഴിവാക്കുന്നതിന് കാര്‍ഷിക സ്വര്‍ണപണയ വായ്പകള്‍ക്ക് കൃഷിഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. യഥാര്‍ഥത്തില്‍ കൃഷി ചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള വായ്പ ലഭിക്കുന്നുള്ളുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കാര്‍ഷിക വായ്പകള്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ വഴി വിതരണം ചെയ്യുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കൃഷിഓഫീസറുടെ ശുപാര്‍ശയോടെ വായ്പ ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

വിള ഇന്‍ഷുറന്‍സ് ഓണ്‍ലൈനാക്കാനുള്ള നടപടി സ്വീകരിക്കും

വിള ഇന്‍ഷുറന്‍സ് ഓണ്‍ലൈനാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഇതിനുള്ള സോഫ്റ്റ് വെയര്‍ തയാറായിവരുന്നു. കൂടുതല്‍ കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിധിയിലേക്ക് കൊണ്ടുവരുന്നതിനാണ് വിള ഇന്‍ഷുറന്‍സ് ഓണ്‍ലൈനാക്കുന്നത്. പ്രകൃതിക്ഷോഭത്തിലും മറ്റ് പല സാഹചര്യങ്ങളിലും കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടം ലഘൂകരിക്കുന്നതിന് സമഗ്രമായ വിള ഇന്‍ഷുറന്‍സ് നിലവിലുണ്ടെങ്കിലും മിക്ക കര്‍ഷകരും ഇപ്പോഴും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നില്ല എന്ന തിരിച്ചറിവാണ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിന് തീരുമാനിക്കാന്‍ കാരണം.  ഭൂരിപക്ഷം കര്‍ഷകരും ഇന്‍ഷുറന്‍സ് എടുക്കാന്‍ തയാറാകുന്നില്ല. ഓഖി ദുരന്തത്തില്‍ 280000 വാഴകള്‍ നശിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്ന വാഴകള്‍ 40000 മാത്രമായിരുന്നു. ഒരു വാഴയ്ക്ക് മൂന്ന് രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കുന്നത്. കുലച്ച വാഴ നഷ്ടപ്പെട്ടാല്‍ 400 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഇത്രയും വലിയ തുക മൂന്ന് രൂപയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇന്‍ഷുറന്‍സ് എടുക്കാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല. 26 വിളകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രതേ്യക സാഹചര്യം കണക്കിലെടുത്ത് റമ്പൂട്ടാന്‍, കോലിഞ്ചി എന്നിവ കൂടി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 

നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള അധികാരം താഴെത്തട്ടിലേക്ക് കൈമാറി

വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അധികാരം താഴെത്തട്ടിലേക്ക് കൈമാറിയത് കര്‍ഷകര്‍ക്ക് ഏറെ സഹായകരമായി. മുമ്പ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് പരമാവധി 50000 രൂപ വരെ നഷ്ടപരിഹാരം അനുവദിക്കാനാണ് അധികാരം ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമേ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് 50000 രൂപ വരെ നഷ്ടപരിഹാരം അനുവദിക്കാനുള്ള അധികാരം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എമാരായ രാജുഎബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, അംഗങ്ങളായ പി.വി.വര്‍ഗീസ്, സാം ഈപ്പന്‍, ജി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബി.സത്യന്‍, കോന്നിയൂര്‍ പി.കെ, ഈപ്പന്‍ കുര്യന്‍, നിര്‍മലാ മാത്യൂസ്, ശോശാമ്മ തോമസ്, കാര്‍ഷിക വികസന സമിതി അംഗം എ.പി.ജയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അനിത ജോണ്‍, കെ.എന്‍.ശോശാമ്മ, സുജ ജോര്‍ജ്, വര്‍ഗീസ് മാത്യു, ഷീല പണിക്കര്‍, സിസി കുര്യന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                    (പിഎന്‍പി 3305/18)

date