Skip to main content

പ്രളയാനന്തരം കാര്‍ഷിക മേഖലയില്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കൃഷി വകുപ്പ് പുറപ്പെടുവിച്ചു

 

പ്രളയാനന്തരം കര്‍ഷകര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കൃഷി വകുപ്പ് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വെള്ളം ഇനിയും ഒഴിഞ്ഞുപോകാതെ വൃക്ഷത്തടങ്ങളില്‍ കെട്ടിനില്‍ക്കുന്നുവെങ്കില്‍ ചെറു ചാലുകള്‍ എടുത്ത് വെള്ളം ഒഴുകി പോകാന്‍ അനുവദിക്കുക. കെട്ടിക്കിടക്കുന്ന ചെളി കട്ടപിടിച്ച് മണ്ണിലെ വായു സഞ്ചാരം പൂര്‍ണമായും തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അത് ഇളക്കി മാറ്റുകയോ കൊത്തിക്കിളക്കുകയോ ചെയ്യണം. വളരെ കൂടിയ അളവില്‍ ചെളി കെട്ടിക്കിടക്കുന്ന കൃഷിഭൂമിയില്‍ സെന്റിന് ഒരു കിലോഗ്രാം എന്ന തോതില്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് മണ്ണില്‍ വിതറണം. കൃഷിഭൂമികളില്‍ നിന്നും പൊട്ടാഷ് ഒലിച്ചുപോകാന്‍ സാധ്യതയുള്ളതിനാല്‍ വിളകള്‍ക്ക് പൊട്ടാഷ് വളങ്ങള്‍ ഇടുക. അടുത്ത വിളയ്ക്ക് മുമ്പോ ഏറ്റവും അടുത്ത സമയത്തോ മണ്ണ് പരിശോധന നടത്തണം. തുടര്‍ച്ചയായുള്ള മഴമൂലം വിളകളില്‍ കുമിള്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഗുരുതരമായ കുമിള്‍രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം. രോഗബാധ കൂടുതല്‍ ചെടികളില്‍ ഉണ്ടാകാതിരിക്കാന്‍ സ്യൂഡോമോണസ്, ട്രൈക്കോ ഡര്‍മ എന്നീ ജൈവസസ്യസംരക്ഷണ ഉപാധികള്‍ സ്വീകരിക്കണം. നെല്ല്, കുരുമുളക്, ജാതി, വാഴ, കമുക്, ഏലം, പച്ചക്കറികള്‍ എന്നിവയുടെ പരിപാലനം സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് എല്ലാ കൃഷിഭവനുകളിലും ലഭ്യമാണ്.                 (പിഎന്‍പി 3307/18)

date