അസാപ്പിന്റെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പദ്ധതിയായ അസാപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുന്നന്താനത്ത് നിര്‍മിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ഇതിനോടൊപ്പം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കായി അഡീഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും ആരംഭിക്കുമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ കമ്മിറ്റിയില്‍ അധികൃതര്‍ അറിയിച്ചു. അസാപ്പ് രണ്ടാം ഘട്ടത്തിലാണ് പുതിയ ആശയങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഏത് സമയത്തും നൈപുണ്യ പരിശീലനം ലഭ്യമാക്കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ആകെ 16 കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ ആണ് ആരംഭിക്കുന്നത്. ഇതില്‍ ഒമ്പത് എണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും. ഇവിടുത്തെ ക്ലാസുകള്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. അഡീഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിനായി സംസ്ഥാനത്തെ 62 എഞ്ചിനിയറിംഗ് കോളജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു.
എഡിഎം പി.ടി എബ്രഹാം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും യോഗത്തില്‍ നടന്നു. ഡെന്റല്‍ അസിസ്റ്റന്‍സ്, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, കാറ്റ്, ആനിമേഷന്‍, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, സിസിടിവി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍ തുടങ്ങി നിരവധി സ്‌കില്‍ കോഴ്‌സുകളില്‍ അസാപ്പ് പരിശീലനം നല്‍കുന്നുണ്ട്. നിലവില്‍ അഞ്ച് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലായി 1777 വിദ്യാര്‍ത്ഥികള്‍ അസാപ്പിന്റെ കീഴില്‍ പരിശീലനം നേടുന്നുണ്ട്. 'കൂടൊരുക്കാം കൂട്ടുകാര്‍ക്കായി' എന്ന പദ്ധതിയെക്കുറിച്ച് കൊറ്റനാട് എസ്‌സിവിയുലെ സ്്കില്‍ ഡവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍ വിദ്യ ജി. നായര്‍ വിശദമാക്കി.
അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ബാസില്‍, പ്രോഗ്രാം മാനേജര്‍മാരായ തസ്‌നിം നിസാര്‍, റിനു ജെയ്‌സണ്‍, മമത മുകുന്ദന്‍, ബിനോയ് ജോര്‍ജ്, റിഷു എബ്രഹാം, ശ്രീജിത്ത്, അസാപ് പദ്ധതിയുള്ള സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, അസാപ്പില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3310/18)
- Log in to post comments