കര്‍ഷകരും വിദ്യാര്‍ത്ഥികളുമായി കാര്‍ഷിക സംവാദം നടന്നു
കര്‍ഷകരും വിദ്യാര്‍ത്ഥികളുമായി കാര്‍ഷിക സംവാദം സംഘടിപ്പിച്ചു. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ നിരണത്തെ മണ്ണിനേയും കൃഷിയേയുംകുറിച്ച് പഠിക്കുവാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുമെത്തിയ വെള്ളായണി കാര്‍ഷിക കോളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കര്‍ഷകരോട് നേരിട്ട് സംവദിച്ചത്. നിരണം ശിശുവിഹാറില്‍ സംഘടിപ്പിച്ച സംവാദപരിപാടി ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി. തോമസ് ഉദ്ഘാടനം ചെയ്തു. 106 വിദ്യാര്‍ത്ഥികളും 17 അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരുമായി നേരിട്ട് സംവദിക്കുകയും മണ്ണുകളുടെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. പാടശേഖരത്ത് നിന്നും മറ്റ് കൃഷിയിടങ്ങളില്‍ നിന്നുമായി 130 സാമ്പിളുകളാണ് സംഘം ശേഖരിച്ചിട്ടുള്ളത്. സാമ്പിള്‍ പരിശോധനയ്ക്കായി എടുത്ത മണ്ണ് കോളജില്‍ പരിശോധന നടത്തി ഫലം കര്‍ഷകര്‍ക്ക് കൈമാറും. 13 ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ അധ്യാപകന്റെ നേതൃത്വത്തില്‍ 13 വാര്‍ഡുകളിലെ കര്‍ഷകരുമായി മണ്ണിന്റേയും കൃഷിയുടേയും മാറ്റങ്ങള്‍ മനസിലാക്കിയതിന് ശേഷമാണ് മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. പ്രളയശേഷം നിരണത്തെ എല്ലായിടത്തും മേല്‍മണ്ണിന് അമ്ല ഗുണം കൂടിയിട്ടുണ്ട്. നെല്ലും വാഴയും പച്ചക്കറിയും ജാതിമരങ്ങളും എല്ലാം നശിച്ചു. ഇനി കൃഷിയെ മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മണ്ണില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തണം എന്ന് കോളജ് അധ്യാപകര്‍ കണ്ടെത്തി. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വിനോദ് മാമന്‍, സുജാ ജോര്‍ജ്ജ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോയ്‌സി കെ. കോശി, എസ്. ഷീബ, കൃഷി ഓഫീസര്‍ മഹേശ്വരി എന്നിവര്‍ പങ്കെടുത്തു.
(പിഎന്‍പി 3311/18)
- Log in to post comments