Skip to main content

കേരളോത്സവം: കലാമത്സരങ്ങളില്‍ ഒന്നാമത്  കടുത്തുരുത്തി ബ്ലോക്ക്

 

കേരളോത്സവം ജില്ലാതല മത്സരങ്ങളില്‍ കലാവിഭാഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് 137 പോയിന്റോടെ ഒന്നാമതെത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു. മാടപ്പള്ളി ബ്ലോക്ക് രണ്ടും ഏറ്റുമാനൂര്‍ ബ്ലോക്ക് മൂന്നും സ്ഥാനങ്ങള്‍ നേടി. വ്യക്തിഗത ഇനങ്ങളില്‍ 14 പോയിന്റ് നേടിയ ഈരാട്ടുപേട്ട ബ്ലോക്കിന്റെ മീര രാജേഷ് കലാതിലകവും 12 പോയിന്റ് നേടിയ ഉഴവൂര്‍ ബ്ലോക്കിന്റെ ഡാനി സ്റ്റീഫന്‍ കലാപ്രതിഭയുമായി. വിജയികള്‍ക്ക് ഡിസംബര്‍ മൂന്നാം വാരം പാലക്കാട് നടക്കുന്ന സംസ്ഥാനതല കേരളോത്സവത്തില്‍ മത്സരിക്കാവുന്നതാണ്. 

ഡോ. എന്‍. ജയരാജ് എം.എല്‍.എ. കേരളോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ ശശികലാ നായര്‍, ലിസമ്മ ബേബി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍ നായര്‍, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാര്‍, സെന്റ തെരേസാസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആനി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.   

                                                            (കെ.ഐ.ഒ.പി.ആര്‍-2011/17)

date