Skip to main content

പ്രളയത്തെ തോല്‍പ്പിച്ച പൊന്‍കതിര്‍ കൊയ്യാന്‍ ഏഴംകുളം പഞ്ചായത്ത്

 

തുലാവര്‍ഷം ശക്തിയാര്‍ജ്ജിക്കുന്നതിന് മുമ്പായി പ്രളയത്തെ അതിജീവിച്ച പൊന്‍കതിര്‍ കൊയ്‌തെടുക്കുന്ന തിരക്കിലാണ് ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് പ്രദേശത്തെ കര്‍ഷകര്‍. കല്ലടയാറിന് സമീപമുള്ള ഇളംഗമങ്ങലം ഐത്തല ഏലായിലാണ് നെല്‍ക്കൊയ്ത്ത്. മൂന്നരയേക്കര്‍ വരുന്ന പാടശേഖരമാണിത്.

 കഴിഞ്ഞ പ്രളയത്തില്‍ സമീപത്തെ പല കൃഷികളും ആറ്റില്‍ നിന്നും ഇരച്ചുകയറിയ വെള്ളത്തില്‍ മുങ്ങിയെങ്കിലും കതിരണിഞ്ഞ് നിന്ന നെല്‍കൃഷി വെള്ളത്തില്‍ മുങ്ങാതിരുന്നതാണ് കര്‍ഷകര്‍ക്ക് ആശ്വാസമായത്. മഴയ്ക്ക് ശേഷം ആറ്റിലെ ജലനിരപ്പ് താന്നതോടെ കൃഷിയിടത്തില്‍ കെട്ടിനിന്ന വെള്ളം പെട്ടെന്ന് ഇറങ്ങിയിരുന്നു. 

കല്ലടയാറ്റില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് ഐത്തല ഏല പ്രദേശം. കര്‍ഷകരും  കുടുംബശ്രീ പ്രവര്‍ത്തകരും ഈ കൃഷിയില്‍ പങ്കാളികളാണ്. ഭൂരിഭാഗം നെല്‍കൃഷിയും വരുംദിവസങ്ങളില്‍ കൊയ്‌തെടുക്കുമെന്ന് വാര്‍ഡ് മെമ്പര്‍ രാധാമണി പറഞ്ഞു. തൊഴിലാളി ക്ഷാമം ഏറെയുള്ളതിനാല്‍ തൊഴിലുറപ്പുകാരുടെ നേതൃത്വത്തിലായിരിക്കും കൊയ്ത്ത് നടത്തുക. കൂടാതെ കുടുംബശ്രീ അംഗങ്ങളും ഇക്കുറി കൊയ്യാനുണ്ട്. ഏഴംകുളം പഞ്ചായത്തില്‍ നെല്‍കൃഷി അന്യംനിന്നു പോകാതെ നില്‍ക്കുന്ന പ്രദേശമാണ് ഐത്തല ഏല.

        (പിഎന്‍പി 3314/18)

date