ആറന്മുള കൈപ്പാലച്ചാലിന് പുതുജീവന്‍
വര്‍ഷങ്ങളായി പായലും പാഴ്‌ച്ചെടികളും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്ന ആറന്മുള കൈപ്പാലച്ചാലിന് പുതുജീവന്‍. ആറന്മുള എഞ്ചിനിയറിംഗ് കോളജിന് സമീപമുള്ള കൈപ്പാലച്ചാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ജലസേചനവകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ചാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചന വകുപ്പ് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നിശ്ചയിച്ചെങ്കിലും 13ലക്ഷം രൂപയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ വകുപ്പിന് കഴിഞ്ഞു. 500 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് ചാലിനുള്ളത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പായലും പോളയും നിറഞ്ഞ് കിടക്കുകയായിരുന്നു തോട്. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചാലിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. കൈപ്പാലച്ചാല്‍ നവീകരണത്തിലൂടെ ആറന്മുളയുടെ പൈതൃകം വീണ്ടെടുക്കാന്‍ കഴിഞ്ഞതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പറഞ്ഞു. കൃഷി, ടൂറിസം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചാല്‍ നവീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. നവീകരണം പൂര്‍ത്തിയായതോടെ 150 ഹെക്ടര്‍ സ്ഥലത്ത് കൃഷി പുനരാരംഭിക്കാനാകുമെന്ന് ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ബിജു ബേബി പറഞ്ഞു. കൂടാതെ ചാലിന് ചുറ്റും നടപ്പാത ഒരുക്കുന്നതും പരിഗണനയിലുണ്ട്. പ്രഭാത സവാരിക്കാര്‍ക്ക് ഗുണകരമാകുമെന്ന അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം. ചാലുകളിലെ ചെളിയും എക്കലും നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കി. കൈപ്പാലച്ചാലിന്റെ നവീകരണത്തോടെ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ഉറവ കൂടുതല്‍ ലഭ്യമാകുവാന്‍ തുടങ്ങി. വെള്ളമൊഴുക്ക് സുഗമമായതോടു കൂടി കുടിവെള്ള ക്ഷാമത്തിന് അറുതിയായതായും നാട്ടുകാര്‍ പറയുന്നു. ചെറുകിട ജലസേചനവകുപ്പ്, കൃഷി വകുപ്പ്, പാടശേഖര സമിതി എന്നിവര്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ചാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
(പിഎന്‍പി 3330/18)
- Log in to post comments