അർത്തുങ്കൽ പള്ളിപ്പെരുന്നാൾ; സുഗമമായ നടത്തിപ്പിന് ഏകോപനത്തോടെ പ്രവർത്തിക്കണം -മന്ത്രി പി പ്രസാദ്
ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.പെരുന്നാളിന് മുന്നോടിയായി സർക്കാർ സംവിധാനങ്ങൾ വരുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് പള്ളിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിരുനാൾ ദിവസങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള വെള്ളത്തിൻറെ ലഭ്യത വാട്ടർ അതോറിറ്റി ഉറപ്പാക്കണം എന്ന് മന്ത്രി പറഞ്ഞു. എന്തെങ്കിലും കാരണവശാൽ കുടിവെള്ളം മുടങ്ങിയാൽ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കണം.
മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയുന്നതിന് പൊലീസും എക്സൈസ് വിഭാഗവും സംയുക്ത സ്ക്വാഡ് പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കും. ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ളവയുടെ പരിശോധന നടത്തും. അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ടീമും ആംബുലൻസ് സൗകര്യവും തിരുനാളിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഏർപ്പെടുത്തും. ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലുകൾ, കടകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും.
കെഎസ്ആർടിസി കഴിഞ്ഞ തവണത്തേക്കാൾ അധികം ബസ് സർവീസുകൾ ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. കഴിഞ്ഞതവണ ആലപ്പുഴ നിന്ന് 12 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തപ്പോൾ ഇത്തവണ അത് 20 ബസ്സുകൾ ആക്കി ഉയർത്തും.ചേർത്തലയിൽ നിന്നുള്ള സർവീസുകളുടെ എണ്ണവും 20 ആക്കി ഉയർത്തും.
കടകൾക്ക് കരാർ കൊടുക്കുമ്പോൾ അവിടെ പ്രവർത്തിക്കുന്നവർക്ക് ഐഡി കാർഡ് നിർബന്ധമാക്കും. എക്സൈസിന്റെ സർക്കിൾ, റെയിഞ്ച് ഓഫീസുകളിൽ നിന്നുള്ള പെട്രോൾ സംഘം 24 മണിക്കൂറും പ്രവർത്തിക്കും. പൊതുസ്ഥലങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് സ്വന്തം ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് നടപടി സ്വീകരിക്കുമെന്ന് ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. കൂടാതെ പള്ളിയോട് ചേർന്നുള്ള റോഡുകളിലെ ലൈറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും. ഇതിൻറെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റും തദ്ദേശ വകുപ്പിന്റെ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്താനും തീരുമാനിച്ചു.
പൊതുജനങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുന്ന വിധം ബോർഡുകൾ സ്ഥാപിക്കും. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സിസിടിവികളും സ്ഥാപിക്കും. ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കത്തക്ക വിധത്തിൽ ട്രാഫിക് ക്രമീകരണം വരുത്തുമെന്ന് പോലീസ് അധികൃതർ യോഗത്തിൽ പറഞ്ഞു.ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആളെ ഇറക്കി പള്ളിയുടെ വടക്കുഭാഗത്തായി സ്റ്റാൻഡിൽ പാർക്ക് ചെയ്യാനാണ് നിർദ്ദേശമുയർന്നത്. ചേർത്തല നിന്ന് വരുന്ന വാഹനങ്ങൾ പള്ളിയുടെ തെക്കുവശത്തുള്ള സ്റ്റാൻഡിൽ വളച്ച് ആളെ കയറ്റി തിരിച്ചു പോകണം. പള്ളിയുടെ മുന്നിലുള്ള വാഹന പാർക്കിംഗ് നിയന്ത്രിക്കും. മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി. എബ്രഹാം,ചേർത്തല സൗത്ത് പഞ്ചായത്ത് പ്രസിഡൻറ് സിനിമോൾ സാംസൺ, ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, എ.സി.പി. ഹാരിഷ് ജെയിൻ, ചേർത്തല തഹസിൽദാർ കെ.ആർ.മനോജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments