കരുതലും കൈതാങ്ങും; മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തുകൾ ജില്ലയിൽ ഡിസംബർ 19 മുതൽ 27 വരെ അപേക്ഷകൾ ഡിസംബർ ആറ് മുതല്‍ 13 വരെ സ്വീകരിക്കും
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് ജില്ലയിൽ ഡിസംബർ 19 മുതൽ 27 വരെ നടക്കും. മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടിയുടെയും എം.ബി രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകൾ നടക്കുക. 19 ന് പാലക്കാട് താലൂക്ക്, 20 ന് ചിറ്റൂർ, 21 ന് ആലത്തൂർ, 23 ന് ഒറ്റപ്പാലം, 24 ന് മണ്ണാർക്കാട്, 26 ന് പട്ടാമ്പി, 27 ന് അട്ടപ്പാടി എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് ഡിസംബർ ആറു മുതല്‍ 13 വരെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓണ്‍ലൈന്‍ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നൽകാം. karuthal.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ ഇപ്രകാരം
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം അല്ലെങ്കിൽ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മൽസ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എ.പി.എൽ/ബി.പി.എൽ)(ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുളള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുളള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുളള പരാതികൾ /അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുളള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും.
നിർദേശങ്ങളും അഭിപ്രായങ്ങളും, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുളളവ/പി.എസ്.സി സംബന്ധമായ വിഷയങ്ങൾ, വായ്പ എഴുതിത്തളളൽ, പൊലിസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായത്തിനായുളള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുളള അപേക്ഷകൾ(ചികിത്സാസഹായം ഉൾപ്പെടെ), ജീവനക്കാര്യം (സർക്കാർ), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുളള സാവകാശവും ഇളവുകളും തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ല.
- Log in to post comments