Skip to main content

ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും ; ജില്ലാ കലക്ടര്‍

ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്  പരിശീലനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. 'യു കാന്‍' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.  കലക്ടറേറ്റില്‍ നടന്ന ഏയ്ഞ്ചല്‍സ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയം നിശ്ചലമാകുന്ന സമയത്ത് അടിയന്തര ശുശ്രൂഷ നല്‍കുന്ന പ്രവര്‍ത്തനമാണ് നടപ്പാക്കുന്നത്.
 പ്രാഥമിക ഘട്ടത്തില്‍ ജില്ലയിലെ 20000 കുട്ടികള്‍ക്ക് ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്‌കൗട്ട്‌സ് ഗൈഡ്‌സ് വിഭാഗങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത്. തുടര്‍ന്ന് എസ്.പി.സി, എന്‍.എസ്.എസ് തുടങ്ങിയ വിഭാഗങ്ങള്‍ക്കും പരിശീലനം നല്‍കും. ജനുവരി ആദ്യവാരം കോട്ടൂര്‍ എ.കെ.എം സ്‌കൂള്‍, എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി എന്നിവിടങ്ങളില്‍ പരിശീലനം നടക്കും.
എയ്ഞ്ചല്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനകം അമ്പതിനായിരം പേര്‍ക്ക് ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
സ്‌കൂളുകളില്‍ നടത്തുന്ന പരിശീലനത്തിന് പ്രഗല്‍ഭ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും ഇതിന് പുറമെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, നേഴ്‌സിങ് കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണവും ഉറപ്പാക്കും. എയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വീസ് ജനുവരി ഒന്നിന് തുടക്കമിടുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, ഡി.എം.ഒ ഡോ. കെ സക്കീന, ഡോ. ആദില്‍ അബ്ദുള്ള, ഡോ. ഷിബു, ഡോ. ടികെ രവി, നൗഷാദ്, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

 

date