ജില്ലയിലെ ഏകാരോഗ്യം പദ്ധതി മാതൃകാപരം; ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
ആലപ്പുഴ ജില്ല പൊതുജനാരോഗ്യരംഗത്ത് നടപ്പിലാക്കുന്ന ഏകാരോഗ്യം പദ്ധതിയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മാതൃകാപരമെന്ന്
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ. ജില്ല നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ അലക്സ് വർഗീസും യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ ഏകാരോഗ്യം പദ്ധതി കൂടാതെ ആൻ്റി മൈക്രാബിയൽ റസിസ്റ്റൻസ് നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി നടപ്പിലാക്കുന്ന അമരം, ടി ബി മുക്ത ആലപ്പുഴ, പക്ഷിപ്പനി പ്രതിരോധത്തിനായി ജില്ല നടപ്പിലാക്കിയ ജോയിൻ്റ് ഔട്ട് ബ്രേക്ക് ഇൻവസ്റ്റിഗേഷൻ, പെയിൻ ആൻ്റ് പാലിയേറ്റീവ് രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾ, വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ജില്ലയുടെ തനതായ ബോധവത്ക്കരണ ക്യാമ്പയിനുകൾ, മികച്ച മാതൃകകൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്.
മനുഷ്യരുടെ ആരോഗ്യം മറ്റു ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന ആശയത്തിലധിഷ്ഠിതമായ പദ്ധതിയാണ് ഏകാരോഗ്യം. ഇത് നടപ്പിലാക്കുന്ന കേരളത്തിലെ നാല് ജില്ലകളിൽ ഒന്നാണ് ആലപ്പുഴ. ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ജില്ലയിലെ ഏകാരോഗ്യ പ്രവർത്തകരുമായി നേരിട്ട് ചർച്ച ചെയ്യുകയും, മികച്ച പ്രവർത്തനങ്ങളെ പറ്റി വിശകലനം ചെയ്യുകയും,ഭാവി പരിപാടികളെ പറ്റിയുള്ള ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. പക്ഷിപ്പനി ജില്ലയിൽ ഉണ്ടാകാറുണ്ടെങ്കിലും വളർത്തു പക്ഷികൾക്കു പുറമേ മറ്റു പക്ഷികളിലേക്ക് രോഗമുണ്ടായ സാഹചര്യം ഈ വർഷം ഉണ്ടായി. എങ്കിലും കൂട്ടായ രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗ നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കാൻ ജില്ലയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പക്ഷിപ്പനി പ്രതിരോധത്തിനായി സംസ്ഥാനത്ത് ആദ്യമായി ജോയിൻ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ നടപ്പിലാക്കിയത് ജില്ലയിലാണ്. ചേർത്തല സൗത്തിൽ നടത്തിയ പഠന റിപ്പോർട്ട് ഏകാരോഗ്യം ജില്ലാ നോഡൽ ഓഫിസർ ഡോ. ബിനോയ്, ചേർത്തല തെക്ക് കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടെനി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കോശി സി പണിക്കർ എന്നിവർ അവതരിപ്പിച്ചു. ഈ പ്രവർത്തനത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരുമായി അദ്ദേഹം നേരിട്ട് വിവരങ്ങൾ അറിയുകയും
പ്രസ്തുത റിപ്പോർട്ട് പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ രംഗത്ത് ജില്ല നടത്തിയ ശാസ്ത്രീയമായ പഠനം വിവിധ തലങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, അനുബന്ധ വകുപ്പുകൾ, കർഷകർ, പൊതുജനങ്ങൾ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി. സംസ്ഥാന തലത്തിൽ സ്വീകരിക്കേണ്ട നടപടികളിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
പെയിൻ ആൻ്റ് പാലിയേറ്റീവ് രംഗത്ത് ജില്ലയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചും ഫീൽഡ് തലത്തിലും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെ പറ്റി ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജും നോഡൽ ഓഫീസർ കൂടിയായ ഡോ. അനു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷയരോഗ നിവാരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷയരോഗ മുക്ത പഞ്ചായത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ജില്ലാ ടി ബി യൂണിറ്റിനെ പ്രതിനിധീകരിച്ച് ഡോ. മെൽവിൻ അവതരിപ്പിച്ചു. ജില്ലയിലെ ആശുപത്രികൾ ക്വാളിറ്റി കൺട്രോളുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ നേടീയ അംഗീകാരങ്ങളെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രത്യേകം പ്രശംസിച്ചു. ലക്ഷ്യ സർട്ടിഫിക്കേഷൻ നേടിയ മാവേലിക്കര ജില്ലാ ആശുപത്രിക്കുള്ള സർട്ടിഫിക്കേഷൻ അഡീഷണൻ ചീഫ് സെക്രട്ടറിയിൽ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് ഏറ്റുവാങ്ങി.
ആന്റി മൈക്രോബിയൽ പ്രതിരോധത്തിനെതിരെ അനുകരണീയമായ പ്രവർത്തനങ്ങളാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നത് എന്ന് അദ്ദേഹം വിലയിരുത്തി.ആലപ്പുഴ ജില്ലയുടെ തനത് പരിപാടിയായ അമരം ആലപ്പുഴ മോഡൽ ഫോർ ആൻ്റിമൈക്രോബയൽ റെസിസ്റ്റൻസ് ആൻഡ് മിറ്റിഗേഷൻ പദ്ധതി സംസ്ഥാനത്ത് തന്നെ മാതൃകയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നവംബർ 18 മുതൽ 24 വരെ ലോക ആന്റി മൈക്രോബിയൽ പ്രതിരോധ ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചിരുന്നു.വാരാചരണത്തോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ മികവാർന്ന നിലയിൽ നടത്തിയ ആലപ്പുഴ വനിതാ ശിശു ആശുപത്രി, സാമൂഹ്യ ആരോഗ്യ കേന്ദ്രം മുഹമ്മ, സാമൂഹ്യ ആരോഗ്യ കേന്ദ്രം മാന്നാർ, കുടുംബാരോഗ്യ കേന്ദ്രങ്ങളായ എഴുപുന്ന ,തകഴി, തുറവൂർ തെക്ക്, ചേർത്തല തെക്ക് ചെട്ടികുളങ്ങര,മാരാരിക്കുളം വടക്ക്, വീയപുരം ആശുപത്രികളെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ അദ്ദേഹം അനുമോദിച്ചു. അമരം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല യിൽ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള ഉപഹാരം ഏകാരോഗ്യം ജില്ലാ മെൻ്റർ സോണി ജില്ലാ കളക്ടറിൽ നിന്നു ഏറ്റുവാങ്ങി.
ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ വിഭാഗം തയ്യാറാക്കിയ ജില്ലയിലെ നൂതനവും വ്യത്യസ്തവുമായ ബോധവത്കരണ പ്രവർത്തനങ്ങൾ അടങ്ങിയ ന്യൂസ് ലെറ്റർ നീനു ടോക്സിന്റെ പ്രകാശനവും അഡീ. ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയും ജില്ലാ കളക്ടറും അലക്സ് വർഗീസും ചേർന്ന് നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. അനുവർഗീസ് ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിലീപ് കുമാർ എസ് ആർ ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനന്ത് മോഹന്‍ , ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ ബിനോയ് , ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ കോശി സി പണിക്കർ, ജില്ലാതല പോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments