Skip to main content
ഇടുക്കി മുരിക്കാശ്ശേരി സ്വദേശി അഞ്ചു സുനു കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്ന പരാതി വ്യവസായ വകുപ്പ് മന്ത്രി പി.  രാജീവിന് സമര്‍പ്പിക്കുന്നു

'ഇരട്ടത്താപ്പിന്' അതിവേഗപരിഹാരവുമായി മന്ത്രി പി. രാജീവ്

കെട്ടിടത്തിന് അനുമതി നല്‍കുക പിന്നീട് തടസവാദം ഉന്നയിച്ച് 'നമ്പര്‍' ഇറക്കി കെട്ടിടനമ്പര്‍ നിഷേധിക്കുക എന്ന പഞ്ചായത്തിന്റെ 'കട്ടനിലപാടിന്റെ' കുരുക്കാണ് നിമിഷനേരത്തിനകം മന്ത്രി പി. രാജീവ് അഴിച്ചത്. ഇടുക്കി മുരിക്കാശ്ശേരി ഇലവുങ്കല്‍ വീട്ടില്‍ അഞ്ചു സുനു കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് റാന്നി താലൂക്ക് അദാലത്തില്‍ എത്തിയത്.പെര്‍മിറ്റ് കിട്ടിയത് 2021 ല്‍. നിര്‍മ്മാണം പൂര്‍ത്തിയായി 2024 ല്‍ നമ്പര്‍ ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കെ.എസ്.ഇ.ബി യുടെ 11 കെ വി  ലൈന്‍ കടന്നുപോകുന്നതുകൊണ്ട് നമ്പര്‍ നല്‍കില്ലെന്നായി പഞ്ചായത്ത്‌ന്യായം. ഇതേ 11 കെ.വി കണ്ടിട്ടാണ് മുമ്പ് പെര്‍മിറ്റ് നല്‍കിയതെന്ന് സൗകര്യപൂര്‍വം മറന്നായിരുന്നു പുതുനിലപാട്. ഒരു നിലപൂര്‍ത്തിയായ പഴവങ്ങാടി പഞ്ചായത്തിലെ  വാണിജ്യ നിര്‍മിതിക്ക് പെര്‍മിറ്റ് റദ്ദാക്കിയും വെല്ലുവിളിക്കുകയായിരുന്നു.
നീതിനിഷേധം ബോധ്യപ്പെട്ട മന്ത്രി പി. രാജീവ് കെട്ടിടത്തിന്റെ പൂര്‍ത്തിയായ നിലയ്ക്ക് ഒരാഴ്ചയ്ക്കകം നമ്പര്‍ നല്‍കാന്‍ ഉത്തരവിട്ടു. ചട്ടങ്ങള്‍ പരിശോധിച്ചു ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറേറ്റ്  നിരാക്ഷേപത്രം ബാധകമാക്കണമെന്ന് നിര്‍ദേശം നല്‍കി. നല്‍കിയ പെര്‍മിറ്റ്  റദ്ദ് ചെയ്തത് സംബന്ധിച്ച് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശവുമുണ്ടായി.

date