Skip to main content

ചേര്‍ത്തല പൊലിമ കരപ്പുറം കാര്‍ഷിക കാഴ്ച്ചകള്‍: കാര്‍ഷികയന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചു

ചേര്‍ത്തല പൊലിമ കരപ്പുറം കാര്‍ഷിക കാഴ്ച്ചകള്‍-2024 നോടനുബന്ധിച്ചു കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്തെ പ്രദര്‍ശനവേദിയില്‍ ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഭൂപരിഷ്‌കരണ റിവ്യൂ ബോര്‍ഡ് അംഗം ആര്‍ സുഖലാല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമന്‍, ദക്ഷിണ മേഖല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) സി കെ രാജ്മോഹന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജ ഈപ്പന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രദര്‍ശനത്തിന്റെ നാലാംദിനം സംഘടിപ്പിച്ച കിഴങ്ങുവര്‍ഗ്ഗവിള സെമിനാര്‍ യുവജനക്ഷേമ ബോര്‍ഡ് അംഗം റ്റി റ്റി  ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്തു. ഐസിഎ ആര്‍-സിറ്റിസിആര്‍ഐ ഡയറക്ടര്‍ ഡോ ജി ബൈജു മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. സുനിത എസ്, ഡോ. എസ് എസ് വീണ, ഡോ എം എസ് സജീവ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ജയപാല്‍, സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം പ്രൊജക്റ്റ് ഡയറക്ടര്‍ നിഷ പി ടി തുടങ്ങിയവര്‍ സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം വെജിറ്റബിള്‍ കാര്‍വിങ് മത്സരവും വിവിധ വകുപ്പുകളുടെ ഏകീകരണത്തിലൂടെ നടപ്പിലാക്കുന്ന കൃഷി സമൃദ്ധി, പോഷക സമൃദ്ധി മിഷന്‍, ജൈവ കാര്‍ഷിക മിഷന്‍ എന്നിവയിലുള്ള പരിശീലനവും നടന്നു. പരിശീലനത്തിന് കൃഷിവകുപ്പ് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി സാബിര്‍ ഹുസൈന്‍ നേതൃത്വം നല്‍കി. 

കരപ്പുറം കാഴ്ചകളില്‍ ഇന്ന് (24)

കരപ്പുറം കാര്‍ഷികപ്രദര്‍ശനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാറുന്ന കേരളം, മാറുന്ന മൃഗസംരക്ഷണ മേഖല; സാധ്യതകളും വെല്ലുവിളികളും, മത്സ്യകൃഷിയില്‍ ന്യൂതന സാങ്കേതികവിദ്യകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറും ഉപന്യാസരചന മത്സരവും നടക്കും. തുടര്‍ന്ന് വിദ്യാഭ്യാസരംഗത്തും കായികരംഗത്തും ചേര്‍ത്തലയുടെ പങ്കും സാധ്യതകളും എന്ന വിഷയത്തില്‍ വികസന സെമിനാര്‍ നടക്കും. വൈകിട്ട് വയലാര്‍ ഗ്രാമപഞ്ചായത്ത് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഇപ്റ്റ അവതരിപ്പിക്കുന്ന നാടന്‍പാട്ട് നാട്ടരങ്ങ് എന്നിവയും അരങ്ങേറും. 
(പി.ആര്‍/എ.എല്‍.പി/2753)

date