അറിയിപ്പുകൾ
എസ്.റ്റി കോ ഓഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ എറണാകുളം ജില്ലാമിഷനില്‍ എസ്.റ്റി കോ ഓഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിഗ്രി യോഗ്യതയുള്ള എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോതമംഗലം, കൂവപ്പടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായം 18-45 (2024 ഡിസംബര്‍ ഒന്നിന്)
വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ ബിരുദം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, കലക്ടറേറ്റ്, രണ്ടാം നില, കാക്കനാട് വിലാസത്തില്‍ ഡിസംബര്‍ 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. പ്രതിമാസ ഓണറേറിയം 16,000 രൂപ അപേക്ഷാ ഫോമിന്റെ മാതൃക സിഡിഎസ് ആഫീസില്‍ ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 60 വയസ് പൂര്‍ത്തിയാകാത്ത കുടുംബ / സാന്ത്വന ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിത അല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 2025 വര്‍ഷത്തെ പുനര്‍ വിവാഹിത അല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് 2025 ജനുവരി 20 നു മുമ്പായി ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ കാലതാമസം വന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് മുതലുള്ള കുടുംബ സാന്ത്വന പെന്‍ഷന്‍ മാത്രമേ അനുവദിക്കുകയുള്ളൂ കുടിശ്ശിക അനുവദിക്കുന്നതല്ല.
ഫോണ്‍ :0484 2800581.
അപേക്ഷ ക്ഷണിച്ചു
2024-25 അദ്ധ്യയന വര്‍ഷത്തില്‍ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ പ്രൊഫഷണല്‍ കോഴ്‌സ്‌കള്‍ക്കുള്ള പുതിയ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്കായി ഡിസംബര്‍ 30 മുതല്‍ 2025 ജനുവരി മൂന്നു വരെ (ഒറ്റത്തവണ) പുതിയ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ആഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 0484 2422239.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 28-ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഡിസംബര്‍ 28-ന് രാവിലെ 11-ന് എറണാകുളം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തുന്നു. സിറ്റിങ്ങില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. കൂടാതെ 9746515133 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ മുഖാന്തിരവും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 8281345424.
ജില്ലാ ക്ഷീരസംഗമം പരിപാടികളില്‍ മാറ്റം
ക്ഷീരവികസന വകുപ്പ് 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി
തിരുമാറാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അങ്കണത്തില്‍ വച്ച് 26, 27, 28 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്നതില്‍ പരിപാടികളില്‍ ആദ്യ രണ്ട് ദിവസത്തെ പരിപാടികള്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ റദ്ദാക്കി.
28-ലെ പരിപാടികള്‍ ചുവടെ പറയും പ്രകാരം പുനഃക്രമീകരിച്ചു.
28-ന് രാവിലെ 7.30 ന് തിരുമാറാടി ക്ഷീരസംഘത്തില്‍ ഇ ആര്‍ സി എം പി യു ചെയര്‍മാന്‍ എം ടി ജയന്‍ പതാകയുയര്‍ത്തി ക്ഷീരസംഗമത്തിന് തുടക്കം കുറിക്കും. 8.30ന് സമന്വയം (സെമിനാര്‍) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എല്‍ദോസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 12 ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന - മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. നിയമ വ്യവസായ മന്ത്രി അഡ്വ. പി രാജീവ്, പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന്‍, ജില്ലയിലെ മറ്റ് എം.എല്‍.എമാര്‍, എം.പിമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍, മില്‍മ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം പ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകരെയും ക്ഷീരസംഘങ്ങളേയും ആദരിക്കല്‍ (മികവ്), സംഘം പ്രതിനിധികള്‍ക്കുള്ള ശില്‍പ്പശാല (പ്രത്യാശ), ഡയറി എക്‌സിബിഷന്‍ (കാഴ്ച), ചികിത്സാ ക്യാമ്പ് (ശ്രേയസ്), സംഘം ജീവനക്കാര്‍ക്കുള്ള ക്വിസ് മത്സരം, കലാപരിപാടികള്‍ (അരങ്ങ്) തുടങ്ങിയവയും സംഘടിപ്പിക്കും.
താല്‍പര്യപത്രം ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് പറവൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ അഞ്ച് അങ്കണവാടികളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം ജനുവരി ആറിന് വൈകിട്ട് നാലിന് മുമ്പായി നോര്‍ത്ത് പറവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് പറവൂര്‍ ഐസിഡിഎസ് ഓഫീസില്‍ ലഭ്യമാക്കണം.
ഫോണ്‍.: 0484 2448803.
സംസ്ഥാനതല ചെസ് മത്സരം
ദേശീയ യുവജനദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ചെസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി നാലിന് കണ്ണൂരിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപയും ട്രോഫിയും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. അവസാന തീയതി ഡിസംബര്‍ 31.
ഫോണ്‍: 0471-2308630.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ 130 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോതമംഗലം ഐസിഡിഎസ് ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ 04845 2822372.
- Log in to post comments