കേരള ലോകായുക്തയിൽ കേസ് ഫയലിംഗ് വർദ്ധിച്ചു
കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ സമീപകാലത്ത് ഉണ്ടായ വർദ്ധനവിന്റെ പശ്ചാത്തലത്തിലും പരാതി കക്ഷികളുടെയും അഭിഭാഷകരുടെയും ആവശ്യം പരിഗണിച്ചും ജനുവരി 1ന് വെക്കേഷൻ സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ കേസുകൾ പരിഗണിക്കും.
രണ്ടു ഉപലോകായുക്തമാരുടെയും അഭാവത്തിൽ ആഗസ്റ്റ് മുതൽ ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ ആണ് സിംഗിൾ ബെഞ്ച് കേസുകൾ പരിഗണിച്ചു വരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ 270 പുതിയ കേസുകൾ ആണ് സിംഗിൾ ബെഞ്ചിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. തത്ഫലമായി 2024 ലെ പുതിയ കേസുകളുടെ ഫയലിംഗ് 362 കഴിഞ്ഞു. സ്വത്തുവിവരം നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ 791 പൊതുപ്രവർത്തകർക്കെതിരെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇക്കാലയളവിൽ നോട്ടീസ് അയച്ചു.
രണ്ടു ഉപലോകായുക്തമാർ കൂടി സ്ഥാനം ഏൽക്കുന്നതോടുകൂടി കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു. സഹകരണ സൊസൈറ്റികളിലെയും സഹകരണ ബാങ്കുകളിലെയും നിക്ഷേപം ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കുന്നില്ല, സ്കൂൾ കലോത്സവ നടത്തിപ്പിലെ കെടുകാര്യസ്ഥത, ലാൻഡ് ടാക്സ് സ്വീകരിക്കുന്നതും പോക്കുവരവ് ചെയ്യുന്നതും നിരസിക്കൽ, സഹകരണ സൊസൈറ്റികളുടെയും സഹകരണ ബാങ്കുകളുടെയും ഏകപക്ഷീയമായ റവന്യൂ റിക്കവറി നടപടി, പോലീസ് അതിക്രമം എന്നിവയെല്ലാം പരാതികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. ഫയലിങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെൽപ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തി. പരാതി ഫോം www.lokayuktakerala.com ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. പരാതികൾ നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസിൽ നേരിട്ട് ഫയൽ ചെയ്യുകയോ, തപാൽ വഴി അയച്ചു നൽകുകയോ ചെയ്യാം. ക്യാമ്പ് സിറ്റിംഗ് നടക്കുന്ന കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ അന്നേ ദിവസം പുതിയ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2300362, 2300495.
പി.എൻ.എക്സ്. 5867/2024
- Log in to post comments