നിയമസഭാ പുസ്തകോത്സവം: കുട്ടികൾക്കായി 'സ്റ്റുഡന്റ്സ് കോർണർ'
കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി പ്രത്യേക സ്റ്റുഡന്റ്സ് കോർണറും സിറ്റി ടൂർ പാക്കേജും ഒരുക്കും. പുസ്തകോത്സവത്തിലെ ഇത്തവണത്തെ പ്രധാന സവിശേഷതകളിലൊന്നാണ് അപ്പർ പ്രൈമറി തലം വരെയുള്ള സന്ദർശക വിദ്യാർത്ഥികൾക്കായി സജ്ജീകരിക്കുന്ന 'സ്റ്റുഡന്റ്സ് കോർണർ' എന്ന പ്രത്യേക വേദി. വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ ഈ വേദിയിൽ പ്രകാശനം ചെയ്യും. കുട്ടികൾക്ക് സറ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്ന വിവിധ പരിപാടികൾ സ്റ്റുഡന്റ്സ് കോർണറിൽ സംഘടിപ്പിക്കും.
പുസ്തകോത്സവം സന്ദർശിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങൾ സൗജന്യമായി സന്ദർശിക്കാനുള്ള സിറ്റി ടൂർ പാക്കേജ് ലഭ്യമാക്കും. നിയമസഭാഹാൾ, മ്യൂസിയങ്ങൾ, മൃഗശാല തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്. കൂടാതെ കെ.എസ്.ആർ.ടി.സി. യുടെ ഡബിൾ ഡെക്കർ ബസ്സിൽ സിറ്റി റൈഡും കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് ഇത്തവണ പുസ്തകോത്സവത്തിൽ പ്രതീക്ഷിക്കുന്നത്. സ്‌കൂളുകൾക്ക് സന്ദർശന സമയം മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനുള്ള വെർച്വൽ ക്യൂ സംവിധാനം പുസ്തകോത്സവത്തിന്റെ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. മാജിക് ഷോ, പപ്പറ്റ് ഷോ, തത്സമയ ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ തുടങ്ങിയ പരിപാടികളും വിദ്യാർഥികൾക്കായി സംഘടിപ്പിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുന്ന ഫുഡ്കോർട്ടും സജ്ജീകരിക്കുന്നുണ്ട്.
പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പാനൽ ചർച്ചകൾ, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾ നടക്കും. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചർച്ചകളും നടക്കും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും.
പി.എൻ.എക്സ്. 5873/2024
- Log in to post comments