Skip to main content

എല്ലാ സർക്കാർ ഓഫീസുകളും ഹരിത പ്രോട്ടോകോൾ നടപ്പാക്കണം: ജില്ലാ കളക്ടർ

**ജില്ലാ വികസന സമിതി യോഗം ചേർന്നു

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും ഹരിതചട്ടം കൃത്യമായി പാലിക്കണമന്ന് ജില്ലാ കളക്ടർ അനുകുമാരി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്. ഓഫീസുകളിൽ ഖരമാലിന്യങ്ങൾ കെട്ടികിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഡിസംബർ 31-നകം ഹരിത പ്രോട്ടോകോൾ സംബന്ധിച്ച നടപടികൾ ഓഫീസുകളിൽ പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

കിള്ളിയാറിലെ പല ഭാഗങ്ങളിലും വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നുണ്ട്. കിള്ളിയാറിന് സമീപത്തുള്ള താത്കാലിക കടകളിൽ നിന്നാണ് മാലിന്യങ്ങൾ കൂടുതലായി ആറിലേക്ക് വരുന്നതെന്നും കിള്ളിയാർ വൃത്തിയാക്കുന്നതിന് എത്രയും വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

ആക്കുളം കായലിന്റെ പുനരുദ്ധാരണ പ്രവർത്തികളുടെ പുരോഗതി, പാർവതീപുത്തനാർ, ആമയിഴഞ്ചാൻ തോട് എന്നിവയുടെ നവീകരണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ,  വാമനപുരം, പാങ്ങോട്, കല്ലറ വില്ലേജുകളിലെ ഡിജിറ്റൽ സർവ്വെ നടപടികളുടെ പൂർത്തിയാക്കൽ, നെയ്യാറിലെ മാലിന്യപ്രശ്‌നം എന്നിവയും ജില്ലാ വികസന സമിതിയിൽ ചർച്ചയായി. നെയ്യാർ കേന്ദ്രീകരിച്ച് നിരവധി ശുദ്ധജല പദ്ധതികളുള്ളതിനാൽ ഏതെല്ലാം സ്ഥലങ്ങളിൽ നിന്നാണ് മാലിന്യം വരുന്നതെന്ന് കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

യോഗത്തിൽ എ.ഡി.എം വിനീത് റ്റി.കെ, ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ് ബിജു, എം.പിമാരുടെയും, എം.എൽ.എമാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date