Skip to main content

ഇ ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഖം രേഖപ്പെടുത്തി

ഇ ചന്ദ്രശേഖരന്‍നായരുടെ നിര്യാണം കേരളത്തിന്റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീര്‍ക്കുന്നതിലും അദ്ദേഹം വലിയ പങ്കാണു വഹിച്ചത്.

കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന നിയമസഭാ സാമാജികന്‍, മൗലികമായ പരിഷ്‌കാരങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്ന മന്ത്രി, സമകാലിക രാഷ്ട്രീയ കാര്യങ്ങള്‍ അപഗ്രഥിക്കുന്ന പംക്തികാരന്‍ എന്നിങ്ങനെ എത്രയോ തലങ്ങളില്‍ ശ്രദ്ധേയമായിരുന്നു ആ വ്യക്തിത്വം.

കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ ത്യാഗപൂര്‍ണമായി പ്രവര്‍ത്തിച്ചു. സഹകരണ പ്രസ്ഥാനത്തെ നവീകരിക്കുന്നതിലും ബലപ്പെടുത്തുന്നതിലും നിര്‍ണായകമായ പങ്കുവഹിച്ചു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിലും വ്യാപിപ്പിക്കുന്നതിലും ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. നിരവധി തവണ നിയമസഭയിലേക്കെത്തി. ഒന്നിലേറെ തവണ പല വകുപ്പുകളുടെ മന്ത്രിയായി. പൊതുജനങ്ങള്‍ക്ക് സ്വീകാര്യമായ വ്യക്തിത്വമായി അദ്ദേഹം ഉയര്‍ന്നു. ആദ്യ നിയമസഭയില്‍ത്തന്നെ അംഗമായിരുന്ന അദ്ദേഹം പഴയ കാലത്തിന്റെ സാമൂഹികമൂല്യങ്ങളെ പുതിയ കാലവുമായി ഇണക്കിച്ചേര്‍ത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു.

പൊതുമേഖല, മതനിരപേക്ഷത, ഇടതുപക്ഷ സാമൂഹികത തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പല തലങ്ങളിലും മാതൃകാവ്യക്തിത്വമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കേണ്ടതായ ഘട്ടത്തിലാണ് ഇ ചന്ദ്രശേഖരന്‍നായരുടെ വിയോഗമെന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിനു വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.

പി.എന്‍.എക്‌സ്.5077/17

date