ചെറുതാഴം സ്മാര്‍ട്ട് കൃഷിഭവന്‍ നാടിന് സമര്‍പ്പിച്ചു
സ്മാര്‍ട്ട് കൃഷിഭവനുകളില്‍ സേവനങ്ങളും സ്മാര്‍ട്ടാവും: മന്ത്രി പി പ്രസാദ്
കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ സേവനങ്ങളും സ്മാര്‍ട്ട് ആവുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ചെറുതാഴം സ്മാര്‍ട്ട് കൃഷിഭവന്റെയും കൃഷി സമൃദ്ധി പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് കൃഷിഭവനില്‍ വേഗത്തില്‍ ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാകണം. ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനും വരുന്നവര്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാകാനും ഉപകരിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
എം വിജിന്‍ എം.എംഎല്‍.എ അധ്യക്ഷനായി. കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി 80000 പച്ചക്കറിത്തൈകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി വിതരണം ചെയ്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍ ഹരിത അയല്‍ക്കൂട്ടം പ്രഖ്യാപനം നിര്‍വ്വഹിച്ചു. ശുചിത്വ സന്ദേശയാത്രയുടെ ഫ്‌ളാഗ് ഓഫ് ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ പാറയില്‍ കുഞ്ഞിരാമനെ മന്ത്രി വേദിയില്‍ ആദരിച്ചു. സ്മാര്‍ട്ട് കൃഷി പദ്ധതി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം എന്‍ പ്രദീപനും, കൃഷി സമൃദ്ധി പദ്ധതി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വിഷ്ണു എസ് നായരും, ഹരിത അയല്‍ക്കൂട്ടം പദ്ധതി ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ശോഭയും വിശദീകരിച്ചു. ചെറുതാഴം കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
31.59 ലക്ഷം രൂപ മുടക്കി 3300 ചതുരശ്ര അടി കെട്ടിടമാണ് സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയുടെ ഭാഗമായി ചെറുതാഴത്ത് ഒരുക്കിയത്. ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ക്ലാസ് റൂം, സസ്യാരോഗ്യ ക്ലിനിക്ക് എന്നിവ ചെറുതാഴം കൃഷി ഭവനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
കാര്‍ഷിക കര്‍മസേനയും, ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇക്കോഷോപ്പും പ്രവര്‍ത്തിക്കും. കൃഷിഭവന്റെ പൂര്‍ണമായ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിനായുള്ള സോഫ്റ്റ് വെയര്‍ സ്ഥാപിക്കലും ഫര്‍ണിഷിങ് പ്രവൃത്തികളും സ്മാര്‍ട്ട് കൃഷി ഭവനാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന രണ്ടാംഘട്ട പദ്ധതിയാണ് കൃഷി സമൃദ്ധി പദ്ധതി. ഇതിനായി തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് ചെറുതാഴം.
ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ിങ് കമ്മിറ്റി അധ്യക്ഷന്‍ എ.വി രവീന്ദ്രന്‍, ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍, വൈസ് പ്രസിഡന്റ് പി.പി രോഹിണി, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പി.പി അബുജാക്ഷന്‍, എം.ടി സബിത, ടി.വി ഉണ്ണികൃഷ്ണന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.വി രാജീവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ സി.ടി അനിത, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ കെ. രമേശന്‍, ഏഴിലോട് ലെതര്‍ വര്‍ക്കേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് കെ. ശശീധരന്‍, വി വിനോദ്, അഡ്വ ബ്രിജേഷ് കുമാര്‍, സി മോഹന്‍ദാസ്, എം നജുമുദീന്‍, അഡ്വ കെ പ്രമോദ്, മനോരഞ്ജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എം.വി ചന്ദ്രന്‍ മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജനപ്രതിനിധികളും ഹരിത കര്‍മസേന, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും അണിനിരന്ന ശുചിത്വ സന്ദേശ യാത്രയും സാമൂഹ്യ-സംഗീത നാടകവും അരങ്ങേറി.
- Log in to post comments