നഗരത്തിൽ വസന്തം വിരിഞ്ഞു; കണ്ണൂർ പുഷ്പോത്സവത്തിന് തുടക്കം
ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം-25 കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പുഷ്പോത്സവത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളും കായ്കളും കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും കുളിർമയേകുമെന്ന് മന്ത്രി പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി എന്നിവർ മുഖ്യാതിഥികളായി. ഈ വർഷത്തെ സംസ്ഥാന കൃഷി അവാർഡ് ജേതാവായ കെ ബിന്ദു, അഗസ്റ്റിൻ തോമസ് എന്നിവരെ പരിപാടിയിൽ അനുമോദിച്ചു.
പുഷ്പോത്സവം സംഘാടക സമിതി ജനറൽ കൺവീനർ പി.വി. രത്നാകരൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഡോ കെ.സി വത്സല, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ എന്നിവർ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം ജില്ലാ സ്പെസിഫിക്ക് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ഭിന്നശേഷി കുട്ടികളുടെ രാഗലയം ഗ്രൂപ്പിന്റെ സ്വാഗത നൃത്തം അരങ്ങേറി. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവായ ദേവതീർത്ഥ് വായ കൊണ്ട് വരച്ച മന്ത്രി പി. പ്രസാദിന്റെ ചിത്രം വേദിയിൽ വച്ച് മന്ത്രിക്ക് കൈമാറി. ഉദ്ഘാടനത്തിന് ശേഷം ഗായിക സജില സലീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
ജനുവരി 27 വരെ കണ്ണൂർ പൊലീസ് മൈതാനിയിലാണ് പുഷ്പോത്സവം. 12000 ചതുരശ്ര അടിയിൽ ഒരുക്കുന്ന വർണോദ്യാനമാണ് ഇത്തവണ മുഖ്യാകർഷണം. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നഴ്സറി സ്റ്റാളുകളിൽ വൈവിധ്യമാർന്ന ചെടികളും മറ്റു നടീൽ വസ്തുക്കളും ഔഷധസസ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജൈവവളം, ജൈവ കീടനാശിനികൾ, മൺപാത്രങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും കണ്ണാടിക്കൂട്ടിലുള്ള ജലത്തിൽ കൃത്രിമമായി നിർമിക്കുന്ന അക്വാസ്കേപ്പിങും പുഷ്പോത്സവത്തിന്റെ ഭാഗമായി സജ്ജീകരിച്ചു. ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, ഫിഷറീസ്, വനം വകുപ്പ് എന്നിവയുടെ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോർട്ടും, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്.
പുഷ്പാലങ്കാരം-വെജിറ്റബിൾ കാർവിങ് ക്ലാസുകൾ, പാചകം, സലാഡ് അറേഞ്ച്മെന്റ്, മൈലാഞ്ചിയിടൽ, കൊട്ട മടയൽ, പുഷ്പറാണി-പുഷ്പരാജ മത്സരങ്ങൾ, പുഞ്ചിരി മത്സരം, കാർഷിക ഫോട്ടോഗ്രാഫി, മൊബൈൽ ഫോട്ടോഗ്രാഫി മത്സരങ്ങൾ, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയവ സംഘടിപ്പിക്കും.
മികച്ച നഴ്സറി ഡിസ്പ്ലേ തയ്യാറാക്കുന്ന സ്റ്റാൾ ഉടമകൾക്ക് പ്രത്യേക സമ്മാനം നൽകും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, വനിതാകർഷക കൂട്ടായ്മ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ സ്നേഹസംഗമം, ബഡ്സ് സ്കൂൾ കലോത്സവം, കുട്ടി കർഷക സംഗമം എന്നിവയും നടത്തും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമായിരിക്കും.
ജനുവരി 27ന് നടക്കുന്ന സമാപന സമ്മേളനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷതവഹിക്കും. സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് സമ്മാനദാനം നിർവ്വഹിക്കും.
- Log in to post comments