സീവർ ലൈൻ / സെപ്ടിക് ടാങ്ക് ശുചീകരണ തൊഴിലാളികളുടെ സർവ്വേയും രജിസ്ട്രേഷനും ആരംഭിച്ചു
കേരളത്തിലെ നഗരസഭകളിലെ സീവേജ്-സെപ്റ്റേജ് ശുചീകരണ തൊഴിലാളികളുടെ സർവ്വേ നടത്തുന്നു. സീവർലൈൻ - സെപ്ടിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിലെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന നമസ്തെ (NAMASTE -നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം) പദ്ധതി പ്രകാരമാണ് സർവെ. സാമൂഹ്യനീതി, ഭവന, നഗരകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ സഫായി കരംചാരീസ് ഫിനാൻസ് & ഡവലപ്മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റാണ്.
ജനുവരി 31 വരെ നടക്കുന്ന സർവേയിൽ പഞ്ചായത്തിലുള്ള തൊഴിലാളികൾക്കും അടുത്തുള്ള നഗരസഭകളിൽ രജിസ്റ്റർ ചെയ്യാം. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യ സുരക്ഷാ ഉപകരണങ്ങൾ, അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്, സൗജന്യ തൊഴിൽ പരിശീലനം എന്നിവ ലഭിക്കും.
കേരളത്തിലെ എല്ലാ നഗരസഭകളിലും സീവർ ലൈൻ / സെപ്ടിക് ടാങ്ക് തൊഴിലാളികളെ രജിസ്റ്റർ ചെയ്യാനുള്ള ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. 1700-ൽ അധികം തൊഴിലാളികൾ ഇതിനകം രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവർക്കുള്ള സൗജന്യ സുരക്ഷാ ഉപകരങ്ങളും അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കാർഡും നൽകി വരുന്നു.
സീവേജ്, സെപ്റ്റേജ് ശുചീകരണ പ്രവർത്തനങ്ങളിലെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശുചീകരണപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമുള്ള എമർജൻസി റസ്പോൺസ് സാനിറ്റേഷൻ യൂണിറ്റും പദ്ധതിയുടെ ഭാഗമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള എമർജൻസി റസ്പോൺസ് സാനിറ്റേഷൻ യൂണിറ്റുകൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
തിരഞ്ഞെടുത്ത എമർജൻസി റസ്പോൺസ് സാനിറ്റേഷൻ യൂണിറ്റിലെ തൊഴിലാളികൾക്ക് ഡിൻഡിഗലിൽ സൗജന്യ തൊഴിൽ സുരക്ഷാ പരിശീലനവും നൽകിയിരുന്നു. കേരളത്തിലെ എല്ലാ സീവർ ലൈൻ / സെപ്ടിക് ടാങ്ക് തൊഴിലാളികൾക്കും പരിശീലനം നൽകുന്നതിന് വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കിലയുടെയും സഹകരണത്തോടെ തൃശ്ശൂരിൽ ഒരു പരിശീലന യൂണിറ്റും ആരംഭിക്കുന്നുണ്ട്. നമസ്തേ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും വാഷ് ഇൻസ്റ്റിറ്റ്യൂട്ടും ശുചിത്വമിഷനും സംയുക്തമായി രണ്ടു ശില്പശാലകളും തിരുവനന്തപുരത്തു സംഘടിപ്പിച്ചു.
പദ്ധതിയുടെ പ്രയോജനം കൂടുതൽ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിനായാണ് സംസ്ഥാനവ്യാപകമായി രണ്ടാം ഘട്ട സർവ്വേ നടത്തുന്നത്. ആധാർ കാർഡ് / മറ്റു തിരിച്ചറിയൽ രേഖകൾ എന്നിവയുമായി എല്ലാ തൊഴിലാളികളും സർവ്വേക്ക് എത്തണമെന്ന് നമസ്തെ സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ് 273/2025
- Log in to post comments