കൃത്യമായ ത്രാസുകൾ ഉപയോഗിക്കണം
സ്വർണ്ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ആഭരണങ്ങളുടേയും കിലോഗ്രാമിന് 10,000 രൂപയിൽ കൂടുതൽ വിലവരുന്ന ഉത്പന്നങ്ങളുടേയും ക്രയവിക്രയത്തിന് കുറഞ്ഞത് 10 മില്ലിഗ്രാം കൃത്യതയുള്ള High Accuracy Class (Class II), അല്ലെങ്കിൽ Special Accuracy Class (Class 1) വിഭാഗത്തിലുള്ള ത്രാസുകൾ മാത്രമേ ലീഗൽ മെട്രോളജി നിയമപ്രകാരം ഉപയോഗിക്കാൻ പാടുള്ളൂ. ഇത്തരം Class II വിഭാഗത്തിൽപ്പെട്ട 10 മില്ലിഗ്രാം കൃത്യതയുള്ള ത്രാസുകൾ സ്റ്റാൻഡേർഡ് അളവിലുള്ള തൂക്കകട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇൻസ്‌പെക്ഷൻ സമയത്ത് ആ ത്രാസിന്റെ 50 ഗ്രാം കപ്പാസിറ്റി വരെ 10 മില്ലിഗ്രാം വ്യത്യാസവും 50 ഗ്രാമിനും 200 ഗ്രാമിനും ഇടയ്ക്ക് 20 മില്ലിഗ്രാം വ്യത്യാസവും 200 ഗ്രാമിന് മുകളിൽ 30 മില്ലിഗ്രാം വ്യത്യാസവും മാത്രമാണ് ലീഗൽ മെട്രോളജി നിയമപ്രകാരം അനുവദിച്ചിട്ടുള്ളത്. നിയമത്തിൽ അനുവദിച്ചിരിക്കുന്ന തൂക്ക വ്യത്യാസത്തിൽ കൂടുതൽ വ്യത്യാസം കാണപ്പെടുകയാണെങ്കിൽ തൊട്ടടുത്ത ലീഗൽ മെട്രോളജി ഓഫീസിൽ ത്രാസ് ഹാജരാക്കി വീണ്ടും പുന:പരിശോധന നടത്തി ത്രാസിന്റെ കൃത്യത ഉറപ്പുവരുത്തി മുദ്ര ചെയ്യണം.
ഉപഭോക്താക്കളിൽ നിന്നും പഴയ സ്വർണം തിരികെ എടുത്ത് വ്യാപാരം നടത്തുന്ന കോട്ടയം ജില്ലയിലെ പാലായിലെ ഒരു സ്ഥാപനത്തിൽ ലീഗൽ മെട്രോളജി ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ ഷാമോൻ സിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ സ്ഥാപനത്തിൽ ഉപയോഗത്തിന് സൂക്ഷിച്ച Class 11 വിഭാഗത്തിലുള്ള ത്രാസിൽ നിയമപ്രകാരം ഇൻസ്‌പെക്ഷൻ സമയത്ത് പരമാവധി 20 മില്ലിഗ്രാം വരെ തൂക്ക വ്യത്യാസം അനുവദനീയമായ സ്ഥാനത്ത് 180 മില്ലി ഗ്രാമിന്റെ വ്യത്യാസം കണ്ടെത്തി. കൂടാതെ ത്രാസിന് ലീഗൽ മെട്രോളജിവകുപ്പിൽ നിന്നും നൽകുന്ന സത്യാപന സർട്ടിഫിക്കറ്റ് പരിശോധന സമയം ഹാജരാക്കുകയോ സ്ഥാപനത്തിൽ പ്രദർശിപ്പിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. സ്ഥാപനത്തിനെതിരെ പാലാ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കേസ് എടുത്തു. വിവരം പാലാ കോടതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലാ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ബിനുമോൻ പി കെ, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് അനീഷ് കുമാർ കെ എസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു
പി.എൻ.എക്സ് 327/2025
- Log in to post comments