Skip to main content

ഇ.ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി മാത്യു ടി. തോമസ്  അനുശോചിച്ചു

സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും പരമപ്രധാനമെന്നു കരുതി രാഷ്ട്രീയപ്രവര്‍ത്തനത്തെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അവസരമായി കണ്ട നേതാവായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു. ടി. തോമസ് പറഞ്ഞു.
    ആദ്യനിയമസഭയിലടക്കം കേരളനിയമസഭയില്‍ ആറു തവണയായി പത്തൊമ്പതുവര്‍ഷക്കാലം വിവിധ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ച അദ്ദേഹം തന്റെ നിയമസഭാസാമാജികത്വത്തിലൂടെ കഠിനാദ്ധ്വാനത്തിനും ഭാവനാപൂര്‍ണ്ണമായ ജനക്ഷേമപദ്ധതികള്‍ക്കുമുള്ള സാദ്ധ്യതകളാണ് തുറന്നിട്ടത്.  അധികാരം ഒരിക്കലും മത്തുപിടിപ്പിച്ചിട്ടില്ലാത്ത അദ്ദേഹം മിതത്വവും പക്വതയും ലാളിത്യവും നിറഞ്ഞ പ്രവര്‍ത്തനശൈലിയിലൂടെ അധികാരം ജനന്മക്കായി വിനിയോഗിക്കാന്‍ കഴിയും എന്നു തെളിയിച്ച നേതാവാണ്.  മൂന്ന്തവണ മന്ത്രിയായതു കൂടാതെ വിവിധ നിയമസഭാ സമിതികളില്‍ അംഗമായിരുന്നുകൊണ്ടും ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച അദ്ദേഹം സഹകരണ മേഖലയ്ക്കും ഭക്ഷ്യ വിതരണ സംവിധാനത്തിനും നല്‍കിയ സംഭാവനകള്‍  വിലമതിക്കാനാകാത്തതാണ്.  മാവേലി സ്റ്റോറുകളുടേയും ഓണച്ചന്തകളുടേയും ഉപജ്ഞാതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.  
    സംശുദ്ധരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വിയോഗവേളയില്‍ സ്മരണാഞ്ജലികളും അനുശോചനവും രേഖപ്പെടുത്തുന്നതായി മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പി.എന്‍.എക്‌സ്.5088/17
 

date