Skip to main content

ഇ. ചന്ദ്രശേഖരന്‍ നായരുടെ വിയോഗം കേരളത്തിന്  കനത്ത നഷ്ടം: മന്ത്രി ടി പി രാമകൃഷ്ണന്‍

ഇ.ചന്ദ്രശേഖരന്‍ നായരുടെ വിയോഗം കേരളീയ സമൂഹത്തില്‍ വലിയ വിടവാണുണ്ടാക്കിയിരിക്കുന്നതെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

ഇടതുപക്ഷ ജനാധിപത്യ ഐക്യം ഉറപ്പിക്കുന്നതിനും, മതനിരപേക്ഷത ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ ദൗത്യം നിര്‍വ്വഹിക്കുന്നതിലും ഇ.ചന്ദ്രശേഖരന്‍ നായര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. മികവുറ്റ നിയമസഭാ സാമാജികന്‍, ശ്രമകരമായ പരിഷ്‌കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ മന്ത്രി, സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ അപഗ്രഥിക്കുന്ന പംക്തിക്കാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദഹം നിറഞ്ഞ് നിന്നു.

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനും, സഹകരണ പ്രസ്ഥാനത്തെ പരിഷ്‌കരിക്കുന്നതിനും അദ്ദേഹം നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. പൊതുവിതരണ സമ്പ്രദായത്തെ ഉടച്ച് വാര്‍ത്ത് ജനകീയവല്‍ക്കരിച്ചതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് ജനമനസുകളില്‍ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. 

ജനാധിപത്യ വിരുദ്ധശക്തികള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇടതുപക്ഷ ജനാധിപത്യ ഐക്യം കൂടുതല്‍ ശക്തമാക്കേണ്ട സമയത്താണ് ഇ ചന്ദ്രശേഖരന്‍ നായരുടെ വിയോഗമെന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ അനുസ്മരിച്ചു.

പി.എന്‍.എക്‌സ്.5088/17

date