കുടുംബാരോഗ്യ കേന്ദ്രങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് മെഡിക്കൽ കോളജുകൾ, ജനറൽ ആശുപത്രികൾ എന്നിവയോടൊപ്പം കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആധുനിക നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 1.43 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യരംഗത്ത് അത്ഭുതകരമായ മാറ്റങ്ങളാണ് കഴിഞ്ഞ എട്ടു വർഷങ്ങളായി ഉണ്ടായിട്ടുള്ളത്.
അടൂർ ജനൽ ആശുപത്രിയിൽ അമ്മയുടെയും കുഞ്ഞിന്റെ പുതിയ ബ്ലോക്ക് നിർമ്മാണത്തിനായി 13 കോടി രൂപ അനുവദിച്ചു. ഒപി നവീകരണത്തിന് 1.25 കോടി രൂപയും പീഡിയാട്രിക് ഐസിയുവിന് 32.5 ലക്ഷം രൂപയും അനുവദിച്ചു. ശബരിമലയുടെ സമീപത്തുള്ള റാന്നി ആശുപത്രിക്ക് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചു. അടുത്തമാസം നിർമ്മാണം ആരംഭിക്കും.
തലശ്ശേരി മലബാർ ക്യാൻസർ സെൻററിൽ കിഫ്ബി ഫണ്ട് 97 കോടി രൂപ അനുവദിച്ചു നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
പള്ളിക്കൽ ആരോഗ്യ കേന്ദ്രത്തിൽ ഒപി സേവനങ്ങളോടൊപ്പം ഗർഭിണികൾക്കുള്ള ക്ലിനിക്ക്, ജീവിതശൈലി രോഗനിർണ ക്ലിനിക്ക്, ആശ്വാസ് ക്ലിനിക്ക്, വയോജന ക്ലിനിക്ക്, കൗമാര ആരോഗ്യ ക്ലിനിക്ക്, പ്രതിരോധ കുത്തിവെപ്പുകൾ, ഒപ്‌താൽമിക്ക് ഒപി, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മൃതസഞ്ജീവനി സേവനങ്ങൾ തുടങ്ങിയവ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
മറ്റ് മേഖലകളോടൊപ്പം ആരോഗ്യരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് ഈ സർക്കാരിൻറെ കാലത്തുണ്ടായതെന്ന് ചടങ്ങിൽ അധ്യക്ഷനായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിരവധി ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു എന്നും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മകുറുപ്പ്, വൈസ് പ്രസിഡൻറ് എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ പി സന്തോഷ്, ആര്യ വിജയൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെജി ജഗദീശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന റെജി, അംഗങ്ങളായ രഞ്ജിനി കൃഷ്ണകുമാർ, ആർ സുപ്രഭ, ജി പ്രമോദ്, ആശാ ഷാജി, മുണ്ടപ്പള്ളി സുഭാഷ്, വി വിനേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ എസ് ശ്രീകുമാർ, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ അംജിത്ത് രാജീവൻ, പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആർ കെ സുരഭി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments