പ്രളയാനന്തരം മേല്‍മണ്ണില്‍ ജൈവാംശം കുറഞ്ഞതായി പഠന ഫലം
ജില്ലയില്‍ പ്രളയാനന്തരം മണ്ണിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റം സംഭവിച്ച് മേല്‍ മണ്ണില്‍ ജൈവാംശം കുറഞ്ഞതായി കൃഷി വകുപ്പ് നടത്തിയ പഠനം കാണിക്കുന്നു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണിന്റെ സാമ്പിള്‍ കൊല്ലം ജില്ലാ മൊബൈല്‍ മണ്ണ് പരിശോധനാകേന്ദ്രം, തിരുവനന്തപുരം കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലെ ലാബുകളില്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
റാന്നി പെരുനാട്, വടശേരിക്കര, നാറാണംമൂഴി, ചെറുകോല്‍ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ പിഎച്ച് മൂല്യം 6.6 മുതല്‍ 7.3 വരെയാണ്. ഈ അളവ് പോഷകമൂല്യങ്ങള്‍ ആഗിരണം ചെയ്യുന്നതിന് അനുകൂലമായ അവസ്ഥയാണ്. എന്നാല്‍ മറ്റ് പ്രദേശങ്ങളിലും പി.എച്ച് മൂല്യം 4.2 മുതല്‍ 6.5 വരെയാണ്. അധിക അമ്ലത കാണിക്കുന്ന ഈ പ്രദേശങ്ങളില്‍ ആവശ്യമായ അളവില്‍ നീറ്റുകക്കയോ ഡോളോമൈറ്റോ ചേര്‍ത്ത് അമ്ലതിയില്‍ കുറവ് വരുത്തിയാല്‍ മാത്രമേ കൃഷിക്ക് അനുയോജ്യമാകൂ. ലവണങ്ങളുടെ അളവ് അപകടകരമായ അളവില്‍ ഒരിടത്തും കണ്ടെത്തിയിട്ടില്ല. പ്രളയത്തില്‍ മേല്‍മണ്ണ് വന്‍തോതില്‍ ഒലിച്ചുപോയതിനാല്‍ വിവിധ പ്രദേശങ്ങളില്‍ നൈട്രജന്റെ അളവ് കുറഞ്ഞിട്ടുള്ളതായി പരിശോധനയില്‍ ബോധ്യമായി. തിരുവല്ല, പുല്ലാട് പ്രദേശങ്ങളില്‍ ഫോസ്ഫറസിന്റെ അളവ് കുറവായതായി പരിശോധനയില്‍ തെളിഞ്ഞു. മറ്റ് പ്രദേശങ്ങളില്‍ പ്രളയാനന്തരം ഫോസ്ഫറസിന്റെ അളവില്‍ വര്‍ധനയുണ്ടായി. ഫോസ്ഫറസ് കുറവുള്ള പ്രദേശങ്ങളില്‍ ഫോസ്ഫറസ് വളങ്ങള്‍ ചേര്‍ത്ത് കുറവ് പരിഹരിക്കണം. പൊട്ടാസ്യത്തിന്റെ അളവും വിവിധ പ്രദേശങ്ങളില്‍ പ്രളയാനന്തരം കുറവ് കാണിക്കുന്നുണ്ട്. ആവശ്യമായ അളവില്‍ രാസവളങ്ങളും ജൈവ വളങ്ങളും ഉപയോഗിച്ച് പൊട്ടാസ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. റാന്നി, പഴവങ്ങാടി, കോയിപ്രം എന്നീ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലൊഴിച്ച് ബാക്കി എല്ലാ സ്ഥലങ്ങളിലും സള്‍ഫര്‍ പര്യാപ്തമായ അളവില്‍ ഉണ്ട്. പ്രളയത്തിന് മുമ്പ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കോപ്പറിന്റെ അളവ് അപര്യാപ്തമായിരുന്നു. പ്രളയാനന്തരം മണ്ണില്‍ ആവശ്യത്തിന് കോപ്പര്‍നിക്ഷേപം ഉണ്ടായിട്ടുണ്ട്. ബോറോണ്‍, മാംഗനീസ് എന്നിവ പര്യാപ്തമായ അളവില്‍ ഉള്ളതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. സിങ്കിന്റെ അളവ് പ്രളയത്തിന് മുമ്പും ശേഷവും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അപര്യാപ്തമായി തുടരുന്നു.
പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ അനുവര്‍ത്തിക്കേണ്ട വിവിധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് കൃഷി വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ഇപ്പോഴുള്ള മേല്‍മണ്ണ് പ്രളയം കൊണ്ടുവന്ന മണ്ണായതിനാല്‍ കൃഷി ആരംഭിക്കുന്നതിന് മുമ്പ് ഒരേക്കറില്‍ നിന്ന് എട്ട് മുതല്‍ 16 വരെ എന്ന മണ്ണ് സാമ്പിള്‍ രീതി മാറ്റി കൂടുതല്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കണം. ജൈവ വളത്തോടൊപ്പം രാസവളങ്ങള്‍ കൂടി ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതിയായിരിക്കും പ്രളയബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ ഉചിതം. പ്രളയത്തെതുടര്‍ന്ന് ചാണകം, പച്ചിലവളങ്ങള്‍, കോഴിവളം തുടങ്ങിയവ പ്രാദേശികമായി ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പിണ്ണാക്ക് വര്‍ഗത്തിലുള്ള ജൈവവളങ്ങള്‍ കൂടുതലായി ഉപയോഗിക്കണം. ഗുണനിലവാരമുള്ള നീറ്റുകക്ക, ഡോളോമൈറ്റ് എന്നിവ ആവശ്യത്തിന് ഉപയോഗിച്ച് മണ്ണിന്റെ അമ്ലത സാധാരണ നിലയിലാക്കണം. ചെടികള്‍ക്ക് തടമെടുത്ത് വായുസഞ്ചാരം സൗകര്യപ്പെടുത്തി സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നത് നിലവിലുള്ള ചെടികളുടെ വളര്‍ച്ചയ്ക്ക് ഉത്തമായിരിക്കുമെന്നും കൃഷി വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. (പിഎന്‍പി 3471/18)
- Log in to post comments