Skip to main content

കോലറയാറിന്റെ രണ്ടാംഘട്ട പുനരുജ്ജീവനപ്രവര്‍ത്തനോദ്ഘാടനം :  ഇന്ന് (26) മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും

 

കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോലറയാറിന്റെ രണ്ടാംഘട്ട പുനരുജ്ജീവനപ്രവര്‍ത്തനോദ്ഘാടനം ഇന്ന് നിരണം ശിശുവിഹാറില്‍ രാവിലെ 10ന് ജലവിഭവ       വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. അഞ്ച് പമ്പ് ഹൗസുകള്‍, പതിനെട്ട് കുളിക്കടവുകള്‍, രണ്ട് കുളിക്കടവുകളുടെ സൗന്ദര്യവത്ക്കരണം, സംരക്ഷണഭിത്തി നിര്‍മാണം, അഞ്ച് കിലോമീറ്റര്‍ കയര്‍ഭൂവസ്ത്രം വിരിക്കല്‍ തുടങ്ങിയവയാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നാല് കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. പമ്പാനദിയിലെ അറയ്ക്കല്‍ മുയപ്പില്‍ നിന്ന് തുടങ്ങുന്ന കോലറയാര്‍ കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ കടന്ന് പോയി അരീത്തോടില്‍ അവസാനിക്കും. 12.5 കിലോമീറ്റര്‍ ദൂരമാണ് കോലറയാറിനുള്ളത്. കടപ്ര നിരണം പഞ്ചായത്തിലൂടെ ഒഴുകുന്ന കോലറയാറിന്റെ പുനരുജ്ജീവനത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഈ ജനകീയ കൂട്ടായ്മ സ്വരൂപിച്ച 15.65 ലക്ഷം രൂപ ചിലവഴിച്ച് അഞ്ച് മാസം കൊണ്ടാണ് ഒന്നാം ഘട്ടം 2017 സെപ്റ്റംബര്‍ രണ്ടിന് പൂര്‍ത്തിയാക്കിയത്.  ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന് പിന്നാലെ കിറ്റ്‌കോയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പഠനം നടത്തിയിരുന്നു. ഇത് അവസാനഘട്ടത്തിലാണ്. ഈ പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 12.5 കിലോമീറ്റര്‍ ദൂരത്തിലും കോലറയാറില്‍ നിന്ന് മണ്ണെടുത്ത് മാറ്റി ആഴം കൂട്ടും. കോലറയാറിന്റെ ഉത്ഭവ സ്ഥാനമായ കടപ്ര, അറയ്ക്കല്‍മുയപ്പിലും അവസാനിക്കുന്ന നിരണം അരീത്തോടിലെ പൂയംവേലിമുയപ്പിലുമായി 600 മീറ്റര്‍ ദൂരത്തില്‍ പിച്ചിംഗ് കെട്ടും. നിരണം പഞ്ചായത്തിലെ അരിയോടിപ്പാടം , നിരണത്ത് തടത്തിലെ മാവിലേത്ത് , പൂവന്‍മേലി, അയ്യന്‍കോനാരി, കടപ്രയിലെ ചേന്നങ്കേരിപ്പാടം എന്നിവിടങ്ങളില്‍ പമ്പ് ഹൗസ് സ്ഥാപിക്കും. പതിനൊന്ന് കടവുകള്‍ പുനരുദ്ധരിക്കും. ആലംതുരുത്തി കടവ്, പാട്ടമ്പലം കടവ് എന്നിവിടങ്ങളില്‍ ടൈല്‍സ് വിരിച്ച് പടിക്കെട്ടുകള്‍ നിര്‍മിച്ച് നല്‍കുകയും ചെയ്യുന്നു. തിട്ടകള്‍ ഇടിഞ്ഞ് താഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും നിര്‍മിക്കും. മണ്ണ് നീക്കം ചെയ്യുന്നത് നിരീക്ഷിക്കുന്നതിനും പ്രവര്‍ത്തനത്തിനുമായി ജില്ലാകളക്ടര്‍ കടപ്ര, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ , വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആറുമാസ കാലാവധിയാണ് നിര്‍മാണത്തിനായുള്ളത്. ഇതില്‍ മൂന്ന് മാസം പ്രളയത്തില്‍ കഴിഞ്ഞ് പോയിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വന്‍കിട ജലസേചനവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ലതാപ്രസാദ് അധ്യക്ഷത വഹിക്കും. 

                 (പിഎന്‍പി 3481/18)

date