ജനുസ്സ്, പൊറാട്ട് സംസ്ഥാന അമേച്വര്‍ നാടക മത്സരത്തിന് യോഗ്യത നേടി
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മധ്യമേഖല അമേച്വര്‍ നാടക മത്സരത്തില്‍ തൃശ്ശൂര്‍ അരിമ്പൂരിലെ മാജിക്കല്‍ തിയറ്റര്‍ ഫോറം ഫോര്‍ ആര്‍ട്ട്സ് അവതരിപ്പിച്ച ജെനുസ്സ്, തൃശ്ശൂര്‍ അടാട്ടിലെ പഞ്ചമി തിയ്യേറ്റേഴ്സ് അവതരിപ്പിച്ച പൊറാട്ട് എന്നീ നാടകങ്ങള്‍ സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി. എറണാകുളം കേരള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ഹാളില്‍ എറണാകുളം ജില്ലാ കേന്ദ്ര കലാസമിതിയുടെയും പി.ജെ ആന്റണി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ആറു ദിവസം നീണ്ട നാടക മത്സരം സംഘടിപ്പിച്ചത്.
ഫെബ്രുവരി 5 മുതല്‍ 11 വരെ ആറു ദിവസങ്ങളിലായി സംഘടിപ്പിച്ച അമേച്വര്‍ നാടകമത്സരത്തില്‍ ആറ് വ്യത്യസ്ത നാടകങ്ങള്‍ പ്രദര്‍ശിച്ചു. പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകമാണ് ജെനുസ്സ്. നിഖില്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകമാണ് പൊറാട്ട്.
നാടകകൃത്തും എഴുത്തുകാരനും സംവിധായകനുമായ ജോണ്‍ ഫെര്‍ണാണ്ടസ്സ് ചെയര്‍മാനും നാടകസംവിധായകനും നടനുമായ മഞ്ജുളന്‍ നാടകകൃത്തും പ്രമുഖ നാടക പ്രവര്‍ത്തകന്‍ അഡ്വ. സുജിത്ത് ദാസ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്. മൂന്ന് മേഖലകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറ് നാടകങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന അമേച്വര്‍ നാടക മത്സരം ഫെബ്രുവരി 16 മുതല്‍ 21 വരെ തൃശൂരില്‍ അക്കാദമി ക്യാമ്പസ്സില്‍ നടന്‍ മുരളി തിയറ്ററില്‍ സംഘടിപ്പിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.
- Log in to post comments