Skip to main content

മനുഷ്യബന്ധങ്ങൾ ആരോഗ്യകരമാകണം: അഡ്വ. പി. സതീദേവി

മനുഷ്യബന്ധങ്ങൾ ആരോഗ്യകരമാകണമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാർ ഇവാനിയോസ് കോളജിൽ സംഘടിപ്പിച്ച സ്ത്രീധനം: സാമൂഹിക വിപത്ത് അവബോധ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.

മനുഷ്യർക്ക് ഇടയിൽ ജനാധിപത്യപരമായ ബന്ധമാണ് വേണ്ടത്. പരസ്പരം കേൾക്കാനും മനസിലാക്കാനും സാധിക്കണം. കുടുംബ ബന്ധങ്ങളിലും പ്രണയ ബന്ധങ്ങളിലും ഉൾപ്പെടെ ഇത്തരം സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഇതിനു പകരം ഏകാധിപത്യപരമായ സമീപനം ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോഴാണ് പ്രണയ പക ഉണ്ടാകുന്നതെന്നും അതാണ് കൊലപാതങ്ങളിലേക്ക് പോലും നീളുന്നതെന്നും വനിത കമ്മീഷൻ ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.
വനിതകളുടെ സംരക്ഷണത്തിനായി ബ്രിട്ടീഷ് ഇന്ത്യ കാലം മുതലേ നിയമങ്ങൾ നിലവിലുണ്ട്. ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സമിതിയിൽ 15 വനിതകൾ ഉണ്ടായിരുന്നു. അതിൽ മൂന്ന് പേർ മലയാളികളുമായിരുന്നു. നാലുവർഷത്തെ ചർച്ചക്കൊടുവിലാണ് ഭരണഘടന രൂപം കൊണ്ടത്. ഇതിൽ പൗരന്റെ മൗലികാവകാശമായി തുല്യതയെ ഉൾപ്പെടുത്തി. ഈ അവകാശം പ്രാവർത്തികമാക്കാനായി ആർട്ടിക്കിൾ 15 രൂപം കൊണ്ടു.
അതിൻെറ മൂന്നാം അനുച്ഛേദത്തിൽ ഏതെങ്കിലും ഒരു വിഭാഗം പാർശ്വവൽക്കരിക്കപ്പെടുകയോ ചൂഷണമോ വിവേചനമോ നേരിടുകയോ ചെയ്യുന്നത് തടയാനായി നിയമം നിർമ്മിക്കാൻ പാർലമെന്റിനും നിയമസഭകൾക്കും അധികാരം നൽകുന്നുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്.
രാജ്യത്തെ എല്ലാ പൗരർക്കും പരിരക്ഷ ഉറപ്പാക്കുന്ന നിയമം നിലവിലുണ്ട്. അതോടൊപ്പം പ്രത്യേക പരിരക്ഷ കിട്ടേണ്ട വിഭാഗങ്ങളുമുണ്ട്. അവരുടെ പരിരക്ഷ ഉറപ്പാക്കാനാണ് പ്രത്യേക നിയമങ്ങൾ നടപ്പിലാക്കുന്നത്. ഇങ്ങനെ പ്രത്യേക പരിരക്ഷ ഉറപ്പാക്കപ്പെടേണ്ട വിഭാഗമാണ് രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനത്തിൽ അധികം വരുന്ന വനിതകൾ.
പുരുഷ വിരുദ്ധമല്ല വനിതാ കമ്മീഷനുകൾ. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷൻ ചെയ്യുന്നത്. ഒപ്പം സ്ത്രീവിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്നവർക്കെതിരെ നില കൊള്ളുകയും ചെയ്യുന്നുണ്ടെന്നും അഡ്വ. പി. സതീദേവി ഓർമിപ്പിച്ചു.
തുടർന്ന് സദസ്സ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. മീരാ ജോർജ് അധ്യക്ഷയായിരുന്നു.

date