അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ പിടിച്ചെടുത്തു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ പിടിച്ചെടുത്തു. ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് - കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. നിരോധിത വലകളില്‍ മത്സ്യകുഞ്ഞുങ്ങളെയടക്കം കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്.
കണ്ണി വലിപ്പം കുറഞ്ഞ നെറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനംമൂലം മത്സ്യസമ്പത്ത് നശിക്കുകയും കടലിന്റെ ആവാസ വ്യവസ്ഥ തന്നെ തകരുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയുകയും ചെയ്യുമെന്ന് കാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെയും അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ എസ്‌ഐ പി.പി ബാബുവിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി അനധികൃത മത്സ്യബന്ധനം നടത്തിയ മുനമ്പം പള്ളിപ്പുറം സ്വദേശി ചെമ്പങ്ങാട്ട് വീട്ടില്‍ ദുര്‍ഗ്ഗജീവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ദേവമാത-1 ബോട്ട് പിടിച്ചെടുത്തത്.
പരിശോധനയില്‍ ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന കണ്ണി വലുപ്പം കുറഞ്ഞ വലകള്‍, ഹൈവോള്‍ട്ടേജ് എല്‍ഇഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യുബ് ലൈറ്റുകള്‍ എന്നിവ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെഎംഎഫ് റെഗുലേഷന്‍ ആക്ട്) പ്രകാരം കേസെടുക്കുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ബോട്ടിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച ഒരു ലക്ഷത്തി എണ്‍പ്പത്തേഴായിരത്തി തൊള്ളായിരം രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു. അനധികൃത മത്സ്യബന്ധനം നടത്തിയതിന് രണ്ടരലക്ഷം രൂപയടക്കം മൊത്തം നാല് ലക്ഷത്തി മുപ്പത്തേഴായിരത്തി തൊള്ളായിരം രൂപ പിഴ ചുമത്തി.
പ്രത്യേക പരിശോധന സംഘത്തില്‍ അഴിക്കോട് ഹാച്ചറി അസിസ്റ്റന്റ് ഡയറക്ടര്‍ ശിവപ്രസാദ്, അഴിക്കോട് കോസ്റ്റല്‍ സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു ജോസ്, സിപിഒ അയ്യപ്പ വിനോദ്, ഫിഷറീസ് ഓഫീസര്‍ സഹന ഡോണ്‍, മെക്കാനിക് ജയചന്ദ്രന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിങ്ങ് ഉദ്യേഗസ്ഥരായ വി.എന്‍ പ്രശാന്ത്കുമാര്‍, ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എം ഷൈബു എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, സിജീഷ്, ഫസല്‍, ഷിഹാബ്, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ബോട്ട് സ്രാങ്ക് പി.വി ജിന്‍സന്‍, മറൈന്‍ ഹോം ഗാര്‍ഡ് പി.വി വിപിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജിദ് പോത്തനൂരാന്‍ അറിയിച്ചു.
- Log in to post comments