Skip to main content

തൃശ്ശൂര്‍ കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തോണ്‍ ഫെബ്രുവരി 16 ന്

തൃശ്ശൂരിന്റെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഫുള്‍മാരത്തോണായ (42.195 കി.മീ) കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തോണ്‍ ഫെബ്രുവരി 16 ന് (ഞായറാഴ്ച) രാവിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് 21.1 കി.മീ ഹാഫ് മാരത്തോണ്‍, 10 കി.മീ റണ്‍, 5 കി.മീ ഫണ്‍ റണ്‍ എന്നീയിനങ്ങളും അരങ്ങേറും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, പി. ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുക്കുന്ന സമ്മാനദാന ചടങ്ങില്‍ പത്മശ്രീ ലഭിച്ച ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയനെ ആദരിക്കും.

ഓണ്‍ലൈനായി 2000 പേര്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്ന മാരത്തോണില്‍ വളണ്ടിയേഴ്‌സും കാണികളുമടക്കം മൂവ്വായിരത്തിലധികം പേര്‍ ഭാഗമാകും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, എ.എസ്.പി ഹാര്‍ദിക് മീണ എന്നിവര്‍ തൃശ്ശൂരിന്റെ സ്വന്തം മാരത്തോണ്‍ ഓട്ടത്തില്‍ പങ്കെടുക്കും. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കേരളത്തിനു പുറത്തു നിന്നുമായി ദീര്‍ഘദൂര ഓട്ടക്കാര്‍ പങ്കെടുക്കും. തൃശ്ശൂരിലെ കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും പ്രചോദനമായി നടത്തുന്ന ഫണ്‍ റണ്ണില്‍ ആബാലവൃദ്ധം ജനങ്ങളും അണിചേരും. മാരത്തോണില്‍ ബ്രേക്ക് ദി ബാരിയേഴ്‌സ് എന്ന പേരില്‍ ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ റണ്ണും ഒരുക്കിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് പെരിങ്ങാവ്, പവര്‍ഹൗസ്, പള്ളിമൂല വഴി താണിക്കുടം വരെ പോയി തിരിച്ച് വിമല കോളേജ്, ചെമ്പൂക്കാവ് വഴി സ്വരാജ് റൗണ്ട് കേറി തിരിച്ച് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് 42.2 കി.മീ, 21.1 കി.മീ മാരത്തോണ്‍ റൂട്ട് ഒരുക്കിയിരിക്കുന്നത്. മാരത്തോണ്‍ നടക്കുമ്പോള്‍ പ്രസ്തുത റൂട്ടില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

date