ആസാദ് സേനയുടെ ലക്ഷ്യം സമ്പൂർണ ലഹരി രഹിത സംസ്ഥാനം : മന്ത്രി ഡോ ആർ ബിന്ദു
ആസാദ് സേന - ക്യാമ്പസ് - കമ്മ്യൂണിറ്റി തീവ്ര കർമ പദ്ധതി ഉദ്ഘാടനം ചെയ്തു
സമ്പൂർണ ലഹരി വിരുദ്ധ, ലഹരി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ആസാദ് സേനയുടെ രൂപീകരണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.
ആസാദ് സേന - കാമ്പസ് - കമ്മ്യൂണിറ്റി തീവ്ര കർമ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തെ ഏറ്റവും മാരകമായ നിലയിൽ ബാധിക്കുന്ന ലഹരിയുടെ ഉപയോഗത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രണ്ടുവർഷം മുമ്പ് ആസാദ് സേന രൂപീകരിച്ചത്. കുട്ടികളെ പ്രയാസകരമായ ചുമതലകളിലേക്ക് തള്ളിവിടുക എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ആസാദ് സേന ഉപയോഗിച്ച് കലാലയങ്ങളിൽ ലഹരിക്കെതിരെ മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ്.
ഫ്ലാഷ് മോബ്, സ്കിറ്റുകൾ, സംഭാഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ എൻ.എസ്.എസ് ഇതിനുമുമ്പും ലഹരിക്കെതിരെ പോരാടിയിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി കൂടുതൽ കൃത്യതയോടെ ലഹരിയുടെ ഉറവിടം കണ്ടെത്താൻ ഭാഗത്തിനുള്ള സന്നദ്ധ സേനയായിട്ടാണ് ആസാദ് സേനയുടെ പ്രവർത്തനം.
കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ ഒട്ടനകം പദ്ധതികൾ എൻ.എസ്.എസ് വഴി നടപ്പിലാക്കിയിട്ടുണ്ട്. സാമൂഹികവും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികളും പരിപാടികളും എൻ.എസ്.എസ് എന്ന സംവിധാനത്തിലൂടെ സമൂഹത്തിൽ മാതൃകാപരമായി നടപ്പിലാക്കിയ ചരിത്രമാണ് നമ്മുടേത്. ആ ചരിത്രത്തിൻറെ തുടർച്ചയായാണ് മറ്റൊരു തിളക്കമാർന്ന അധ്യായം കൂടി ആസാദ് സേനയിലൂടെ തുറന്നു വയ്ക്കപ്പെടുന്നത്.
ലഹരി വലിയ വിപത്താണ്. ഇന്ത്യയിലും കേരളത്തിലും ദേശീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാലത്തെല്ലാം ലഹരിക്കതിരായ പ്രതിരോധം വളരെ ശക്തമായി തന്നെ നടന്നിട്ടുണ്ട്. മദ്യവർജനം എന്നതാണ് ദേശീയ പ്രസ്ഥാനത്തിൻ്റെ കേന്ദ്രമുദ്രാവാക്യം. രാഷ്ട്രപിതാവായ ഗാന്ധിജിയും നവോത്ഥാന ചിന്തകരിൽ പ്രധാനിയായ ശ്രീനാരായണഗുരുവും എല്ലാം ലഹരിവസ്തുക്കളോട് നിഷേധത്മക നിലപാടാണ് സ്വീകരിച്ചത്.
കൂട്ടുകുടുംബങ്ങളിൽ നിന്ന് അണു കുടുംബങ്ങളിലേക്ക് മാറിയപ്പോൾ വൈകാരിക സുരക്ഷ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും മുതിർന്നവരും നമ്മുടെ സമൂഹത്തിലെ നിത്യ കാഴ്ചകളായി. മുൻകാലങ്ങളിൽ മുതിർന്നവർ സ്നേഹ വാത്സല്യത്തോടെ സാമൂഹിക മൂല്യങ്ങൾ നൽകി കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ കുടുംബാന്തരീക്ഷം മാറിയപ്പോൾ ജീവിതവുമായി ബന്ധപ്പെട്ട് നാനാ മുഖമായി തിരക്കുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനത ഗൃഹാന്തരീക്ഷത്തിൽ വൈകാരിക സുരക്ഷ ഒരുക്കാൻ വിട്ടുപോകുന്നു.
വലിയ രീതിയിലുള്ള ആന്തരിക സംഘർഷങ്ങളിലൂടെയും മാനസിക സമ്മർദ്ദങ്ങളിലൂടെയും കടന്നുപോകുന്ന യുവജനതയെ ആ പ്രശ്നങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള വലിയ ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങൾ വളർന്നുവരുന്ന തലമുറയിലേക്ക്
പകർന്നു നൽകാൻ ചുമതലയുള്ളവരാണ് എൻ.എസ്.എസ്. അതുകൊണ്ടാണ് ആസാദ് സേന രൂപീകരിച്ച വർത്തമാനകാലം ഏൽപ്പിക്കപ്പെട്ട ഏറ്റവും വലിയ ഉത്തരവാദിത്വം നെഞ്ചിലേറ്റുന്നത്.
ഗാന്ധിയും നവോത്ഥാന നേതാക്കളും ലഹരിക്കതിരായി പറയുമ്പോൾ അന്ന് മദ്യമായിരുന്നു പ്രധാന പ്രശ്നം. എന്നാൽ ഇന്ന് മയക്കുമരുന്ന് പ്രത്യേകിച്ച് രാസവഭാവമുള്ള മയക്കുമരുന്നുകൾ ആണ് കാണുന്നത്. ഇത് നമ്മുടെ വീടുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങളിൽ എല്ലാം കുട്ടികളുടെ കയ്യിൽ എത്തിച്ചേരുന്നത് വളരെ ദുഃഖകരമാണ്.
കൃത്യമായ വൈകാരിക സുരക്ഷ ലഭിക്കാത്ത യുവതലമുറയാണ് റാഗിംഗ് പോലുള്ള പ്രവർത്തികളിലേക്ക് എത്തിച്ചേരുന്നത്. അതുപോലെ മുതലാളിത്ത സമൂഹം മുന്നോട്ടുവയ്ക്കുന്ന വലിയ രീതിയിലുള്ള പ്രതീക്ഷകളിലേക്ക് എത്താൻ സാധിക്കാത്ത നൈരാശ്യവും ലഹരിയിലേക്ക് നയിക്കുന്നു. ഇത്തരം നിരാശ മനോഭാവങ്ങൾ കുട്ടികൾക്ക് സംഘർഷങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാക്കുന്നു. ഇതിനുള്ള ഫലപ്രദമായ മാർഗം അവരുടെ സമപ്രായക്കാരായ വ്യക്തികളിലൂടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ്.
പോലീസ്, നീതി നിർവഹണ സംവിധാനങ്ങൾ, എക്സൈസ് എല്ലാ സംവിധാനങ്ങളെക്കാളും കൂടുതൽ ഫലപ്രാപ്തിയോടെ ആസാദ് സേന വഴി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കും. കലാലയങ്ങളിൽ സമപ്രായക്കാരായ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം, അവയുടെ ഉറവിടം എന്നിവ കണ്ടെത്താൻ ആസാദ് സേന കൂടുതൽ പ്രയോജനകരമാകും.
സാമൂഹ്യനീതി വകുപ്പിന്റെ ശക്തമായ പിന്തുണ ആസാദ് സേനയ്ക്ക് ഉണ്ടാകും. സ്നേഹം, സാഹോദര്യം, സമഭാവനയിൽ അധിഷ്ഠിതമായ കാഴ്ചപ്പാട് കൊണ്ടും നമ്മുടെ കാമ്പസുകളെ മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനമാണ് എൻഎസ്എസിലൂടെ കാഴ്ചവയ്ക്കേണ്ടത്. വ്യക്തികൾ വെറുക്കുന്ന ആളുകളായി നമ്മുടെ വിദ്യാർത്ഥികൾ മാറരുത്. അതിനാൽ തന്നെ സഹപാഠികളെയും സമപ്രായക്കാരെയും രക്ഷിക്കുന്നവരായി ആസാദ് സേനയെ നമുക്ക് മാറ്റിയെടുക്കാം.
നാഷണൽ സർവീസ് സ്കീം, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യവകുപ്പ്, നിംഹാൻസ് , ലഹരി വിരുദ്ധ മേഖല പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ എന്നിവയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ കൈ പുസ്തകത്തിൻ്റ പ്രകാശനവും നൽകി ചടങ്ങിൽ മന്ത്രി നിർവഹിച്ചു. സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
കലൂർ റിന്യൂവൽ കൺവെൻഷൻ സെൻ്റെറിൽ നടന്ന പരിപാടിയിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സി കെ ഷീബ മുംതാസ്, എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ ശിവദാസൻ, എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ ആർ എൻ ആൻസർ, ആസാദ് സേന പ്രൊജക്റ്റ് കോർഡിനേറ്റർ പ്രസൂൺ മംഗലത്ത്, ജില്ലാ കോർഡിനേറ്റർ സിജോ ജോർജ്, സാമൂഹ്യനീതി ഓഫീസർ സിനോ സേവി, വാർഡ് കൗൺസിലർ രജനി മണി, എൻഎസ്എസ് വിദ്യാർത്ഥികൾ അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments